22 November Friday
ഫണ്ട്‌ വെട്ടിക്കലിൽ ബിജെപി പോര് മുറുകുന്നു

വിമതരെ നേരിടാൻ ഔദ്യോഗിക പക്ഷത്തിന്റെ 
രഹസ്യയോഗം

വേണു കെ ആലത്തൂർUpdated: Monday Aug 12, 2024
പാലക്കാട്‌  
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്‌ മണ്ഡലത്തിന്‌ കേന്ദ്രനേതൃത്വം നൽകിയ 14 കോടി അടിച്ചുമാറ്റിയത്‌ വിവാദമായതോടെ ഇക്കാര്യം ഉന്നയിക്കുന്നവരെ നേരിടാൻ ബിജെപി ഔദ്യോഗികപക്ഷത്തെ ഒരുവിഭാഗം രഹസ്യയോഗം ചേർന്നു. വിഹിതം ലഭിക്കാത്ത ഔദ്യോഗികപക്ഷത്തെ ഏതാനുംപേർ സംഘടനാ കാര്യങ്ങൾ മാധ്യമങ്ങൾക്ക്‌ ചോർത്തുന്നുവെന്നതിനാലാണ്‌ ജില്ലാ കമ്മിറ്റി ഓഫീസിന്‌ പുറത്ത്‌ ഞായറാഴ്‌ച രഹസ്യയോഗം ചേർന്നത്‌. കഴിഞ്ഞയാഴ്‌ച ചേർന്ന ഭാരവാഹിയോഗം തർക്കം മുറുകി തല്ലിപ്പിരിഞ്ഞത്‌ ജില്ലാ നേതൃത്വത്തിന്‌ വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ജില്ലാ ചുമതലയുള്ള സംസ്ഥാന നേതാവുതന്നെ ഔദ്യോഗിക പക്ഷത്തിന്റെ പിടിപ്പുകേടുകൾ യോഗത്തിൽ തുറന്നുപറയുകയും ഭൂരിഭാഗം ഭാരവാഹികളും നേതൃത്വത്തിനെതിരെ രംഗത്തുവരികയും ചെയ്‌ത സാഹചര്യത്തിലാണ്‌ ഔദ്യോഗിക പക്ഷം മറുതന്ത്രം മെനയുന്നത്‌. മുൻ കൗൺസിലറുടെ വീട് ആക്രമിച്ചതും സംസ്ഥാന നേതാവിന്റെ മുൻ പിഎയും ആർഎസ്എസ്‌ പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയുമായ യുവമോർച്ച മണ്ഡലം സെക്രട്ടറിയെ സംരക്ഷിക്കാനുള്ള വഴി ആലോചിക്കാനാണ്‌ ജില്ലയിൽനിന്നുള്ള സംസ്ഥാന നേതാവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നത്‌. 
ഇതിനിടയിൽ മുൻ കൗൺസിലറുടെ വീടാക്രമിച്ച കേസിലെ പ്രതിയെ ശോഭ സുരേന്ദ്രന്റെ അനുയായികൾ ‘കൈകാര്യം’ ചെയ്‌തപ്പോൾ സംഭവത്തിന്‌ പിന്നിലാരെന്ന്‌ പ്രതിക്ക്‌ പറയേണ്ടിവന്നു. ഇത്‌ അടുത്ത യോഗത്തിൽ വലിയ പൊട്ടിത്തെറിക്കും വിമർശനങ്ങൾക്കും ഇടയാക്കുമെന്നു മുൻകൂട്ടിക്കണ്ടുള്ള മറുതന്ത്രവും രഹസ്യയോഗം ചർച്ചചെയ്‌തു.  
തെരഞ്ഞെടുപ്പ് ഫണ്ട്‌ വെട്ടിപ്പ്‌ ചർച്ചയിൽനിന്ന്‌ ശ്രദ്ധതിരിച്ചുവിടാൻ വീട് ആക്രമിച്ചുവെന്നാണ്‌ പ്രതിയുടെ കുമ്പസാരം. ആക്രമണത്തിന്‌ നിർദേശം നൽകിയത് ആരെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. സംഘപരിവാർ പ്രവർത്തകർക്ക് മുഴുവൻ ശല്യക്കാരനായ ഇത്തരമൊരാളെ സംരക്ഷിക്കാൻ ബിജെപി നേതൃത്വം ഗ്രൂപ്പുയോഗം ചേർന്നത് ആർഎസ്എസ് നേതൃത്വത്തെയും രോഷാകുലരാക്കി. പണം തട്ടിപ്പിനെതിരെ കൂടുതൽ നേതാക്കൾ രംഗത്തുവന്നതോടെ നേതൃത്വം അങ്കലാപ്പിലാണ്‌. കഴിഞ്ഞയാഴ്‌ച ചേർന്ന ജില്ലാ ഭാരവാഹിയോഗത്തിൽനിന്ന്‌ ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയും വിട്ടുനിന്നത്‌ വലിയ ചർച്ചയായിരുന്നു. മാത്രമല്ല, ഭാരവാഹികളിൽ മൂന്നിലൊന്നുപേർ വിട്ടുനിന്നതും യോഗത്തിൽ പങ്കെടുത്തവർ പണം തട്ടിപ്പിനെച്ചൊല്ലി തമ്മിലടിച്ചതും വലിയ വാർത്തയായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top