പാലക്കാട്
പിന്നാക്കാവസ്ഥയിലുളള പട്ടികജാതി കോളനികളെ ദത്തെടുത്ത് പരിപാലിക്കുന്ന സർക്കാർ പദ്ധതിയാണ് ‘അംബേദ്കർ ഗ്രാമം’. പശ്ചാത്തല വികസനത്തിന് രൂപീകരിച്ച പദ്ധതിയെ മുൻഎംഎൽഎയും നഗരസഭാ വാർഡ് കൗൺസിലറും ചേർന്ന് ഭൂമാഫിയകൾക്ക് ലക്ഷങ്ങൾ കൊയ്യാൻ ഉപയോഗപ്പെടുത്തിയ തട്ടിപ്പിന്റെ കഥയാണ് പാടത്തുകോളനിക്കാർക്ക് പറയാനുള്ളത്.
മാർച്ച് അഞ്ചിന് തലങ്ങും വിലങ്ങും കോൺക്രീറ്റ് റോഡുകൾ മാത്രം നിർമിച്ച് മുൻ എംഎൽഎ ഷാഫി പറമ്പിൽ പാടത്ത് കോളനിയുടെ സമഗ്ര വികസനം പ്രഖ്യാപിച്ചു. കുടിവെള്ളം പല വീടുകളിലും എത്തിയില്ല. അഴുക്കുചാൽ സംവിധാനം ഇല്ല. ശൗചാലയങ്ങളും പല വീടുകളിലുമില്ല. സമീപത്തെ തോട് മഴക്കാലങ്ങളിൽ നിറഞ്ഞുകവിഞ്ഞാൽ വീടുകളും വെള്ളത്തിനടിയിലാകും. കഴിഞ്ഞ മഴയിൽ ഒമ്പത് കുടുംബത്തിലെ 28 പേർക്ക് മൂന്നുദിവസം ആശ്രയമായത് സമീപത്തെ അങ്കണവാടിയാണ്. ഒരുകോടിയുടെ ‘സമഗ്രവികസനം’ മുതലാക്കിക്കിട്ടിയത് സമീപത്തെ സ്വകാര്യ ഭൂവുടമകൾക്ക്. നികത്തിയെടുത്ത് റോഡ്‌പോലും വെട്ടാൻ കഴിയാത്ത ഇടങ്ങളിൽ ഇവർക്ക് സൗകര്യപൂർവം റോഡൊരുക്കി കൊടുത്തു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ബിനാമി പേരിൽ കരാർ ഏറ്റെടുത്ത് നഗരസഭാ കൗൺസിലർ ലക്ഷങ്ങൾ മുക്കിയെന്നും കോളനിക്കാർ ആരോപിക്കുന്നു. മെഡിക്കൽകോളേജിന്റെ കൺമുന്നിൽ ഹൈവേയ്‌ക്ക് സമീപമാണ് കോളനി. കോളനിക്കുള്ളിൽ ഭൂമി സ്വന്തമാക്കിയ സ്വകാര്യവ്യക്തികൾക്ക് ഭൂമി വില ഇതോടെ കോടികളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..