23 December Monday

മഷിപുരണ്ട ‘മണ്ണ്‌’ സാഹിത്യകവാടം തുറന്നു

എസ‌് സിരോഷUpdated: Monday Jan 13, 2020
 
 മലയാള സാഹിത്യത്തിൽ പാലക്കാടിന്റെ കൈയൊപ്പ്‌ ചാർത്തിയ സാഹിത്യകാരൻ. കാലഘട്ടത്തിനൊപ്പം നടന്നുകയറുന്ന മനുഷ്യൻ മുണ്ടൂർ സേതുമാധവൻ. ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ 1962ൽ അച്ചടിമഷി പുരണ്ട ‘മണ്ണ്’ എന്ന ആദ്യകഥ മുതൽ ഇപ്പോൾ അച്ചടിയിലിരിക്കുന്ന അഞ്ച്‌ പുസ്‌തകങ്ങൾ വരെ നീളുന്ന 58വർഷത്തെ സാഹിത്യജീവിതം.  ഈ കാലഘട്ടത്തിനിടയിലെ എഴുത്തിന്റെ മാറ്റങ്ങളെക്കുറിച്ച്‌ ചോദിച്ചാൽ മാഷ്‌ ഇങ്ങനെ പറയും. ‘എഴുത്ത്‌ എപ്പോഴും പുതിയതും പഴയതുമാണ്‌, വിഷയങ്ങളെ നമ്മുടെ തട്ടകത്തിലേക്ക്‌ കൊണ്ടുവന്നാണ്‌ എഴുതുക. അതുകൊണ്ടുതന്നെ പുതിയ എഴുത്തെന്നോ പഴയ എഴുത്തെന്നോ വേർതിരിക്കാനാകില്ല’.
ഒമ്പതാംക്ലാസുകാരനായ തന്റെ മനസ്സിൽ കഥയുണ്ടെന്നു കണ്ടെത്തിയ അധ്യാപകൻ മുഹമ്മദ്‌ മാഷിനെ നമിക്കാതിരിക്കാനാവില്ലെന്നും കഥാകാരൻ പറയുന്നു. ഒമ്പതാംക്ലാസിനുശേഷം പിന്നെ മനസ്സിൽ കഥയുണ്ടായിരുന്നോയെന്നറിയില്ല. ഇരുപതാം വയസ്സിൽ ശരിതെറ്റുകളുടെ നൂൽപ്പാലത്തിലൂടെ യാത്ര ചെയ്യുന്നവരുടെ കഥ പറഞ്ഞ ‘തെറ്റ്' പിറന്നു. ആ കഥയിലൂടെ മുണ്ടൂർ സേതുമാധവൻ എന്ന തൂലികയും പിറന്നു. മുണ്ടൂർ എൽപി സ്‌കൂളിൽ അധ്യാപകനായിരിക്കുമ്പോഴാണ്‌  ‘നിറങ്ങൾ' എന്ന ആദ്യനോവൽ വെളിച്ചം കാണുന്നത്. തുടർന്ന്‌  ‘മരണഗാഥ' എന്ന നോവൽ ശ്രദ്ധിക്കപ്പെട്ടു. പഥികൻ,  കൃഷ്‌ണേട്ടൻ തുടങ്ങിയ കഥകളിലൂടെ മലയാള സാഹിത്യത്തിൽ സേതുമാധവൻ എന്ന പേര്‌ ചിരപ്രതിഷ്‌ഠ നേടി.
രണ്ടാംലോക മഹായുദ്ധകാലത്തെ ജീവിതവ്യഥകൾ കണ്ടറിഞ്ഞ സാഹിത്യകാരന്റെ എഴുത്തിലും പാവപ്പെട്ടവന്റെ വിലാപങ്ങളുടെ പ്രതിധ്വനിയുണ്ട്‌. നവോത്ഥാനത്തിന്റെ ശബ്ദങ്ങൾ മുഖരിതമായ കാലഘട്ടത്തിലെ പഠനവും ജീവിതവുമൊക്കെ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട്‌ ചേർത്തുനിർത്തി.
ദേശാഭിമാനിയിലെ എം എൻ കുറുപ്പും ജനയുഗത്തിലെ കാമ്പിശേരി കരുണാകരനും മലയാളനാട് വാരികയുടെ വി ബി സി നായരും ‘അന്വേഷണ'ത്തിന്റെ പത്രാധിപരായിരുന്ന ടി പി കുഞ്ഞിക്കൃഷ്ണനും എൻ വി കൃഷ്ണവാര്യരെയും എം ടിയേയുംപോലുള്ള പത്രാധിപരുമൊക്കെയാണ്‌ മുണ്ടൂരിലെ സാഹിത്യകാരനെ പ്രോത്സാഹിപ്പിച്ച്‌ ഒപ്പംനിന്നത്‌. 1973ലാണ് ‘കലിയുഗം'നോവൽ പ്രസിദ്ധീകരിച്ചത്. ഇത്‌  മഞ്ഞിലാസിലെ എം ഒ ജോസഫ് ചലച്ചിത്രമാക്കി. തിരക്കഥ തയ്യാറാക്കിയത് തോപ്പിൽ ഭാസിയാണ്. ഷൂട്ടിങ് ആലുവയിൽ നടക്കുമ്പോൾ അവിടെയെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി കത്തുകൾ വീട്ടിലേക്ക്‌ വന്നു. എന്നാൽ, അന്ന് എൻജിഒ–-അധ്യാപക സമര മുഖത്തായിരുന്നതിനാൽ എത്താൻ സാധിച്ചില്ല.  സമരം കഴിയുമ്പോഴേക്കും ഷൂട്ടിങ്ങും അവസാനിച്ചു. കലിയുഗം സിനിമയിൽനിന്ന്‌ ലഭിച്ച തുകകൊണ്ട് മുണ്ടൂരിൽ ഒരു പറമ്പ് വാങ്ങി. 
അഞ്ഞൂറിലേറെ ചെറുകഥകൾ രചിച്ചു. കഥകൾക്കും നോവലുകൾക്കുമൊപ്പം അമ്മ കൊയ്യുന്നു, രാജാവ് എന്നിങ്ങനെ ബാലസാഹിത്യകൃതികളും രചിച്ചു. അമ്മ കൊയ്യുന്നു, മയിൽപ്പീലി എന്നീ കഥകൾ പാഠപുസ്തകങ്ങളിൽ ഇടംനേടി. മുണ്ടൂർ സേതുമാധവന്റെ 70 കഥകളെ കോർത്തിണക്കി ‘മുണ്ടൂർ സേതുമാധവന്റെ തെരഞ്ഞെടുത്ത കൃതികൾ' എന്ന പേരിൽ കോഴിക്കോട് ഹരിതം ബുക്സ്‌സ്‌ 2016ൽ പ്രസിദ്ധീകരിച്ചു. 1942ൽ മുണ്ടൂരിൽ വാഴയിൽ ദേവകിയമ്മയുടെയും മാരാത്ത് ഗോവിന്ദൻനായരുടെയും മകനായാണ്‌ സേതുമാധവൻ ജനിച്ചത്‌. പത്താംക്ലാസ് കഴിഞ്ഞ് ചിറ്റൂർ ടിടിസിയിൽ ജോലി നേടിയ ശേഷമായിരുന്നു ഉപരിപഠനം. മുണ്ടൂർ പ്രൈമറി സ്കൂളിലും പാലക്കാട് പിഎംജി സ്കൂളിലും കുമരപുരം ടിടിഐയിലുമായി 30വർഷത്തിലേറെക്കാലം അധ്യാപകനായി. മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം  ലഭിച്ചു. സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം നേടി. ഭാര്യ കപ്പടത്ത് അംബിക കെഎസ്ഇബിയിൽ അക്കൗണ്ട്‌സ് ഓഫീസറായിരുന്നു. മകൾ കെ ശ്യാമയും മരുമകൻ സി കെ  ബിജുവും തപാൽവകുപ്പിൽ ഉദ്യോഗസ്ഥരാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top