22 November Friday
ആർദ്ര കേരളം പുരസ്‌കാരം

ആരോഗ്യ കേരളത്തിന്‌ 
വഴികാട്ടി ജില്ലാ പഞ്ചായത്ത്‌

പ്രത്യേക ലേഖകൻUpdated: Tuesday Aug 13, 2024

ജില്ലാ ആശുപത്രിയിലെ ട്രോമാ കെയർ ഉൾപ്പെടുന്ന മെയിൻ ബ്ലോക്ക്

പാലക്കാട്‌
വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ നൂതന പദ്ധതികളിലൂടെ കേരളത്തിന്‌ വഴികാട്ടിയ ജില്ലാ പഞ്ചായത്തിന്‌ ആരോഗ്യ സംരക്ഷണത്തിൽ മികച്ചനിലവാരം പുലർത്തിയതിനുള്ള അംഗീകാരം. ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കിയ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്ത്‌ ആർദ്ര കേരള പുരസ്‌കാരം മൂന്നാം സ്ഥാനമാണ്‌ ജില്ലാ പഞ്ചായത്തിന്‌ ലഭിച്ചത്‌. മൂന്നുലക്ഷം രൂപയാണ്‌ അവാർഡ്‌ തുക. 
ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ 2022–-23ൽ നടപ്പാക്കിയ സമഗ്ര ആരോഗ്യ പദ്ധതിക്കാണ്‌ പുരസ്‌കാരം. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്തിനുകീഴിലെ ഹോമിയോ, ആയുർവേദം ഉൾപ്പെടെ നാല്‌ ജില്ലാ ആശുപത്രിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 16 കോടി രൂപയാണ്‌ ജില്ലാ പഞ്ചായത്ത്‌ ചെലവഴിച്ചത്‌. വൃക്കരോഗികൾക്ക്‌ സ്‌നേഹസ്‌പർശം പദ്ധതിയിലൂടെ നാനൂറോളം പേർക്ക്‌ മാസം 15,000 രൂപയുടെ മരുന്ന്‌ എത്തിച്ചുനൽകുന്ന പദ്ധതി ആദ്യമായി തുടങ്ങിയത്‌ പാലക്കാട്‌ ജില്ലാ പഞ്ചായത്താണ്‌. 
വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ കഴിഞ്ഞവർ ഇത്രയും രൂപയുടെ മരുന്നിനുവേണ്ടി ഭാരിച്ച ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നതോടെ അവരുടെ ആരോഗ്യം ക്ഷയിക്കുന്നു. ഇതിന്‌ മാറ്റം വരുത്തി അവരുടെ ആരോഗ്യം സംരക്ഷിക്കാൻ ആവിഷ്‌കരിച്ച പദ്ധതിക്ക്‌ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹനവും ലഭിച്ചു. 
ഇങ്ങനെ മരുന്ന്‌ നൽകുന്ന പദ്ധതി ഇപ്പോൾ കരൾ മാറ്റിവച്ചവർക്കും ബാധകമാക്കിയതിലുടെ കേരളത്തിനുതന്നെ മാതൃകയായി. കരൾ മാറ്റിവച്ച 80 പേർക്ക്‌ സൗജന്യമായി മരുന്ന്‌ നൽകുന്നുണ്ട്‌. വ
യോജനങ്ങൾക്ക്‌ മികച്ച പരിരക്ഷ നൽകുന്ന പദ്ധതിയും അംഗീകാരത്തിന്‌ മാനദണ്ഡമാക്കി. കുട്ടികൾ മുതലുള്ളവർക്ക്‌ വ്യായാമം ഉറപ്പാക്കാൻ പാർക്കുകളും സജ്ജമാക്കി. വയോപാർക്കുകളിൽ താമസവും ഭക്ഷണവും ഉറപ്പാക്കി. 
കോവിഡ്‌ അതിജീവനം, ജില്ലാ ആശുപത്രിയിൽ പാലിയേറ്റീവ്‌ പരിചരണം, സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഹോമിയോ വിഭാഗത്തിലും പാലിയേറ്റീവ്‌ പരിചരണം, ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനം, പക്ഷാഘാത രോഗികൾക്ക്‌ ചികിത്സ, ജീവിതശൈലീരോഗത്തിന്‌ മരുന്നുവാങ്ങൽ, വനിതകൾക്കും വയോജനങ്ങൾക്കുമുള്ള പ്രത്യേക പരിരക്ഷ എന്നിവയെല്ലാം ജില്ലാ പഞ്ചായത്തിന്‌ അംഗീകാരത്തിലേക്കുള്ള വഴി തുറക്കാൻ സഹായമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top