പാലക്കാട്
ഓണം അടുത്തതോടെ നാടാകെ ഉത്സവമേളമായി. കുടുംബശ്രീയുടെ മാത്രം ഇരുന്നൂറിലേറെ ഓണച്ചന്തകളാണ് ജില്ലയിലുള്ളത്. ഫ്രഷ് ബൈറ്റ്‌സ് ശർക്കര ഉപ്പേരിയും കായവറുത്തതും വസ്‌ത്രങ്ങളും പച്ചക്കറിയും പൂവും കരകൗശലവസ്‌തുക്കളും കത്തിയും ചട്ടിയും കലവും എന്നുവേണ്ട നാട്ടിൽ കിട്ടുന്ന എല്ലാ സാധനങ്ങളും കുടുംബശ്രീ ചന്തയിലുണ്ട്. 60.6 ഏക്കറിൽ ചെയ്‌ത പൂക്കൃഷി വിളവെടുത്ത് വിൽപ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്.
ഓണത്തിന് വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യത്തോടെ ഉൽപ്പാദിപ്പിച്ച 258.7 ഏക്കറിലെ പച്ചക്കറിയുമുണ്ട്. ചന്തകൾക്ക് മാറ്റുകൂട്ടി കൃഷിവകുപ്പിന്റെ പച്ചക്കറിച്ചന്തകളുമുണ്ട്. കൃഷിവകുപ്പിന്റെ 94, ഹോർട്ടികോർപ്പിന്റെ 32, വിഎഫ്‌പിസികെയുടെ 13 എന്നിങ്ങനെയാണ് ചന്തകളുള്ളത്. ഉത്രാടം ദിവസംവരെ വിലക്കുറവിൽ പച്ചക്കറി വാങ്ങാം. സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും വിപണി വേറെയുമുണ്ട്. മാവേലിയിലും ത്രിവേണിയിലുമെല്ലാം വൻ തിരക്കുതന്നെ. ഒപ്പം മഞ്ഞ കാർഡുകാർക്ക് റേഷൻകടകൾവഴി കിറ്റും വിതരണം ചെയ്യുന്നു. ഇതുകൂടാതെ സഹകരണ ബാങ്കുകളുടെയും പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ഓണച്ചന്തകൾ തുറന്നിട്ടുണ്ട്.
ഒറ്റപ്പാലം
അർബൻ ബാങ്കിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പൂക്കളമൊരുക്കി. ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ ചെയർമാൻ യു രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് എം ഡി ഡോ. എം രാമനുണ്ണി, മെയിൻ ബ്രാഞ്ച് മാനേജർ പി കെ സിന്ധു, ഇ രാമചന്ദ്രൻ, സി അബ്ദുൾ ഖാദർ എന്നിവർ പങ്കെടുത്തു. ഒമ്പത് ബ്രാഞ്ചുകളിലും പൂക്കളമൊരുക്കി.
ഓണക്കോടി നൽകി
ഒറ്റപ്പാലം
വരോട് കെ പി എസ് മേനോൻ മെമ്മോറിയൽ എച്ച്‌എസ്‌എസ് എൻഎസ്‌എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് ഓണക്കോടി നൽകി. നഗരസഭാ സ്ഥിരംസമിതി കൗൺസിലർ കെ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സബിത മണികണ്ഠൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ ചാർജ് എൻ കെ സനോജ്, പ്രോഗ്രാം ഓഫീസർ സി കെ ഇന്ദിര, കരിയർ ഗൈഡ് ഷാജി താഴത്തുവീട്, പിടിഎ അംഗം കെ അബൂബക്കർ, നിസാം, വിസ്മിയ എന്നിവർ സംസാരിച്ചു.
ഓണച്ചന്ത
ഒറ്റപ്പാലം
മണ്ണൂർ പഞ്ചായത്ത് കൃഷിഭവന്റെ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് എസ് അനിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ വി സ്വാമിനാഥൻ അധ്യക്ഷനായി. സ്ഥിരംസമിതി ചെയർപേഴ്സൺ പി സി സുമ, പഞ്ചായത്തംഗങ്ങളായ ഹുസൈൻ ഷെഫീക്, സുജിത്കുമാർ, കൃഷി ഓഫീസർ അനില പീറ്റർ, ഷീബ എന്നിവർ സംസാരിച്ചു.
ഓണക്കിറ്റ് വിതരണം
ഒറ്റപ്പാലം
അനങ്ങനടി പഞ്ചായത്ത് പാലിയേറ്റീവ് "സ്നേഹസ്പർശം’ ഓണക്കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് കെ പി അനിത അധ്യക്ഷയായി. സ്ഥിരംസമിതി ചെയർപേഴ്സൺമാരായ സി പി ശശി, സി പി വനജ, പഞ്ചായത്ത് അംഗങ്ങളായ ഉണ്ണിയൻകുട്ടി, സ്മിത, മുസ്തഫ,രാജൻ, പഞ്ചായത്ത് സെക്രട്ടറി ജലജകുമാരി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..