30 November Saturday

കലാമണ്ഡലം കുട്ടനാശാൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
ചെർപ്പുളശേരി
പ്രഗത്ഭ കഥകളിനടനും ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം റിട്ട. പ്രിൻസിപ്പലുമായ കലാമണ്ഡലം കുട്ടനാശാൻ(83) അന്തരിച്ചു. സംസ്‌കാരം വെള്ളി പകൽ മൂന്നിന് തിരുനാരായണപുരത്തെ വീട്ടുവളപ്പിൽ. ‍വെള്ളിനേഴി തിരുനാരായണപുരം ലീലാ നിവാസിൽ പരേതരായ കുട്ടപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. 
ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം 1951-ൽ കലാമണ്ഡലത്തിൽ കലാമണ്ഡലം രാമൻകുട്ടി നായർ, പത്മനാഭൻ നായർ എന്നിവരുടെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ചു. 1951-ൽ വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ആറു പതിറ്റാണ്ടോളം പച്ച, കത്തി, മിനുക്ക് വേഷങ്ങളിൽ ശ്രദ്ധേയനായി.  
ഏഴുവർഷത്തെ കഥകളിയാട്ടത്തിനൊടുവിൽ കഥകളി അധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങി. 1964 മുതൽ ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ അധ്യാപക ജോലിയിൽ പ്രവേശിച്ചു. 1990-ൽ വൈസ് പ്രിൻസിപ്പലും 1995-ൽ പ്രിൻസിപ്പലുമായി.
ഭാര്യ: ലീല. മക്കൾ: കലാമണ്ഡലം ഉഷ(നൃത്താധ്യാപിക), സതി (സംഗീതാധ്യാപിക), ഗീത. മരുമക്കൾ: കലാനിലയം മധുമോഹൻ(കഥകളി നടൻ), രാധാകൃഷ്ണൻ, മധുസൂദനൻ.

2019-ൽ സംസ്ഥാന സർക്കാർ കഥകളി അവാർഡ് സമ്മാനിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കലാമണ്ഡലം ഫെലോഷിപ്, വെള്ളിനേഴി പഞ്ചായത്ത് ഗ്രാമകലാ പുരസ്‌കാരം, അമൃതാനന്ദമയീ മഠം പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. കലാമണ്ഡലം ഗോപി, വാഴേങ്കട വിജയൻ, പി മമ്മിക്കുട്ടി എംഎൽഎ, കെ പ്രേംകുമാർ എംഎൽഎ ഉൾപ്പെടെ നിരവധി പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top