കൊല്ലങ്കോട്
ഓണസദ്യക്ക് അവിയലും കൂട്ടുകറിയും സാമ്പറും കിച്ചടിയും പച്ചടിയുമെല്ലാം ഒരുക്കാൻ പച്ചക്കറി എത്തുന്നത് പനങ്ങാട്ടിരിയിൽനിന്ന്. വ്യാഴം, വെള്ളി ദിവസങ്ങളായി വിഎഫ്‌പിസികെ വഴി വിപണിയിലെത്തിച്ചത് 22 ടൺ പച്ചക്കറിയാണ്. ഒമ്പതുലക്ഷം രൂപയാണ് ഇതുവഴി കർഷകർക്ക് ലഭിച്ചത്.
അത്തം മുതൽ വെള്ളിയാഴ്ച വരെ ഓണം സീസണിൽ 105 ടൺ പച്ചക്കറി ഇവിടെനിന്ന് വിപണിയിലെത്തിച്ചു. കർഷകർ അവരുടെ തോട്ടങ്ങളിൽനിന്ന് നേരിട്ട് വിപണിയിലെത്തിച്ചത് ഇതിന്റെ ഇരട്ടിയോളം വരും.
ഉത്രാട സദ്യക്കും തിരുവോണസദ്യക്കും പച്ചക്കറി ലഭ്യമാക്കാൻ പനങ്ങാട്ടിരിയിലെ വിഎഫ്‌പിസികെ സെന്റർ ശനിയാഴ്ചയും പ്രവർത്തിക്കും. ഓണ സീസണിൽ ഇതുവരെ 13 കോടി രൂപയാണ് വിറ്റുവരവ്. രണ്ടാം സീസണും വിളവിറക്കിയിട്ടുണ്ട്. ഇക്കൊല്ലം 20 കോടി രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.
ഓണത്തിനായി ഏപ്രിൽ ആദ്യം പെയ്ത വേനൽമഴയിൽ വിളവിറക്കിയിരുന്നു. പനങ്ങാട്ടിരി വിഎഫ്‌പിസികെ പരിധിയിൽ 340 ഏക്കറിൽ പച്ചക്കറിക്കൃഷിയുണ്ട്. പാവൽ, പടവലം, പയർ, വെണ്ട, കുമ്പളം, മത്തൻ എന്നിവ പ്രധാനമായും ചീര, ചുരക്ക, പീച്ചൽ, വെള്ളരി എന്നിവ കുറച്ച് സ്ഥലത്തും വിളയിക്കുന്നു. നാടൻ ഇനങ്ങളും അത്യുൽപ്പാദനശേഷിയുള്ള ഇനങ്ങളുമുണ്ട്. എകദേശം 200 കുടുംബം പച്ചക്കറിക്കൃഷിയിലൂടെ ഉപജീവനം നടത്തുന്നു.
ജൂണോടെ കൃഷിയിടങ്ങളിൽ വിളവെടുപ്പ് തുടങ്ങിയിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും മൊത്ത കച്ചവടക്കാർ ഇവിടെനിന്ന് പച്ചക്കറി കൊണ്ടുപോകുന്നുണ്ട്. കച്ചവടക്കാർ ആവശ്യമുള്ള ഇനം മുൻകൂട്ടി അറിയിക്കുന്നതിനാൽ അതുമാത്രമാണ് വിളവെടുക്കുക. കച്ചവടക്കാർ തോട്ടങ്ങളിലെത്തി ഗുണനിലവാരം നോക്കിയാണ് സംഭരണം. ഇവ വാഹനത്തിൽ കയറ്റി വിഎഫ്പിസികെ ഓഫീസിലെത്തിച്ചാണ് തൂക്കുന്നത്. ശേഷം പണമടച്ച് കൊണ്ടുപോകും.
വേണ്ടത്ര വലിപ്പവും തൂക്കവുമില്ലാത്ത പച്ചക്കറികൾ ചെറുകിട കച്ചവടക്കാരും വാങ്ങും. ഓണം കഴിഞ്ഞാൽ ചെടികൾ വെട്ടിമാറ്റി രണ്ടാംവിള പച്ചക്കറി കൃഷിയിറക്കും. ചില തോട്ടങ്ങളിൽ ഒന്നാം വിളയായി പച്ചക്കറിയും രണ്ടാംവിളയായി നെല്ലും കൃഷിയും ചെയ്യാറുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..