പുതുശേരി
ബിജെപി പിന്തുണയോടെ കോൺഗ്രസ് ഭരിക്കുന്ന എലപ്പുള്ളി പഞ്ചായത്തിൽ പ്രസിഡന്റിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ ഏറ്റുമുട്ടി. പ്രസിഡന്റ് കെ രേവതി ബാബു ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് ആരോപിച്ചാണ് വ്യാഴാഴ്ച നടന്ന ഭരണസമിതി യോഗത്തിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായത്.
ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ അടുത്ത ബന്ധുവാണ് കെ രേവതി ബാബു. വി കെ ശ്രീകണ്ഠൻ പക്ഷമായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡി രമേഷ്, ഷാഫി പറമ്പിൽ പക്ഷക്കാരായ വൈസ് പ്രസിഡന്റ് എസ് സുനിൽകുമാർ, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ പുണ്യകുമാരി, ശരവണകുമാർ എന്നിവർ രണ്ട് ചേരികളിലാണ്. പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം അട്ടിമറിക്കാൻ കോൺഗ്രസ്–- -ബിജെപി അംഗങ്ങൾ ശ്രമിച്ചെങ്കിലും സിപിഐ എം എതിർത്തതോടെ പ്രസിഡന്റിന് പദ്ധതിക്ക് അംഗീകാരം നൽകേണ്ടിവന്നു. ഇതിനെച്ചൊല്ലി പുണ്യകുമാരി, ശരവണകുമാർ എന്നിവർ പ്രസിഡന്റിനുനേരെ തിരിഞ്ഞു.
പല ഔദ്യോഗിക പരിപാടികളും തങ്ങളെ അറിയിക്കാതെ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നതായും പഞ്ചായത്ത് വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും അവർ യോഗത്തിൽ ആരോപിച്ചു. കൂടാതെ പഞ്ചായത്തിൽ അഴിമതി ഭരണമാണെന്നും ഇവർ പറഞ്ഞു.
22 വാർഡിൽ ഒമ്പതംഗങ്ങളുള്ള കോൺഗ്രസ്, അഞ്ച് അംഗങ്ങളുള്ള ബിജെപിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ഭരണം നടത്തുന്നത്. 20 ഹരിതകർമ സേനാംഗങ്ങളിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ഇഷ്ടക്കാരെമാത്രം നിയമിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റ് നിയമനത്തിൽ അർഹരെ ഒഴിവാക്കി. തെരുവുവിളക്കുകൾ ഇഷ്ടമുള്ള പ്രദേശങ്ങളിൽ നൽകുക, ലൈഫ് മിഷൻ പദ്ധതി അട്ടിമറിക്കുക തുടങ്ങിയവയും പഞ്ചായത്തിൽ പതിവാണ്. എൽഡിഎഫ് ഭരണകാലത്ത് നിർമിച്ച റോഡുകൾ, മുപ്പതോളം സോളാർ ലൈറ്റുകൾ എന്നിവ തകർന്നിട്ടും അറ്റകുറ്റപ്പണി നടത്താൻ തയ്യാറായിട്ടില്ല.
ജലജീവൻ മിഷനുവേണ്ടി പല ഇടങ്ങളിലായി പൊളിച്ച റോഡ് നന്നാക്കിയിട്ടില്ല. എംഎൽഎ, ചിറ്റൂർ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ ഫണ്ട് ഉപയോഗിച്ചുള്ള പല വികസന പ്രവൃത്തികളും തങ്ങളുടേതെന്ന് വരുത്താൻ കോൺഗ്രസ്, ബിജെപി അംഗങ്ങൾ മത്സരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..