22 December Sunday
നെല്ല്‌ സംഭരണത്തിന്റെ പേരിൽ രാഷ്‌ട്രീയ മുതലെടുപ്പിന്‌ ശ്രമിച്ച്‌ യുഡിഎഫും ബിജെപിയും

ഈ വയലിൽ നുണവിത്ത്‌ വിളയില്ല

സ്വന്തം ലേഖികUpdated: Thursday Nov 14, 2024
പാലക്കാട് 
തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ നെല്ലുസംഭരണത്തിന്റെ പേരിൽ സമരനാടകവുമായി യുഡിഎഫും ബിജെപിയും. വസ്‌തുതകൾ മറച്ചുവച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ ഇരുകൂട്ടരും. 
ലക്ഷ്യം രാഷ്‌ട്രീയ മുതലെടുപ്പാണെന്ന്‌ വ്യക്തം. രാജ്യത്തുതന്നെ ലഭിക്കാവുന്നതിൽ ഏറ്റവും ഉയർന്ന വില നൽകിയാണ്‌ സപ്ലൈകോ വഴി സർക്കാർ നെല്ല്‌ സംഭരിക്കുന്നത്‌. അയൽസംസ്ഥാനങ്ങളിൽ ഒരുകിലോ നെല്ലിന് 23 രൂപപോലും കിട്ടാത്തപ്പോൾ കേരളത്തിലെ കർഷകർക്ക് 28.32 രൂപ ലഭിക്കുന്നു.
പ്രാദേശികമായി പരിഗണിക്കുന്നതിനുപകരം കേന്ദ്രസർക്കാർ വിജ്ഞാപനപ്രകാരം നെല്ലെടുക്കണമെന്ന വ്യവസ്ഥയാണ്‌ പ്രതിസന്ധി. സംസ്ഥാനത്ത്‌ ഒന്നാംവിള കൊയ്‌ത്ത്‌ സെപ്‌തംബറിൽ തുടങ്ങുമെന്നിരിക്കെ വിജ്ഞാപനം വരുന്നത്‌ ഒക്ടോബറിലാണ്‌. 
സംഭരണവില നൽകുന്നതിൽ കേന്ദ്രസർക്കാർ കാണിക്കുന്ന കെടുകാര്യസ്ഥതകാരണം വായ്‌പയെടുത്ത്‌ സംഭരണവില കൊടുക്കുകയാണ്‌ സംസ്ഥാനസർക്കാർ. 
കേന്ദ്ര സർക്കാരിൽനിന്ന്‌ പണം കിട്ടാത്തതിനാൽ എസ്‌ബിഐ ഉൾപ്പെടെയുള്ള കേന്ദ്ര പൊതുമേഖലാ ബാങ്കുകൾക്ക് ഒമ്പതുശതമാനം പലിശ നൽകി വായ്‌പയെടുത്താണ്‌ സംസ്ഥാനം കർഷകർക്ക്‌ തുക നൽകുന്നത്‌. 
ഈ യാഥാർഥ്യം മറച്ചുവച്ച്‌ സംസ്ഥാന സർക്കാരിനെതിരെ കുപ്രചാരണം നടത്തുകയാണ്‌ യുഡിഎഫും  ബിജെപിയും. ഇതിന്റെ ഭാഗമായുള്ള നാടകമായിരുന്നു കഴിഞ്ഞദിവസത്തെ ട്രാക്ടർ റാലി.
ഒന്നാംവിളയിൽ 15,772.38 ടൺ സംഭരിച്ചു
ജില്ലയിൽ ഒന്നാംവിള നെല്ലുസംഭരണം അതിവേഗം മുന്നേറുന്നു. നവംബർ 13 വരെ 15,772.38 മെട്രിക് ടൺ നെല്ല് സപ്ലൈകോ സംഭരിച്ചു. ഇതിൽ 14,652.38 ടൺ സിവിൽ സപ്ലൈസ്‌ വകുപ്പ്‌ ചുമതലപ്പെടുത്തിയ മില്ലുകളും 1120 ടൺ ഓയിൽപാമുമാണ് സംഭരിച്ചത്. കഴിഞ്ഞവർഷം ഇതേസമയം സംഭരിച്ചത്‌ 12,852.51 മെട്രിക് ടൺ നെല്ലായിരുന്നു.
കേന്ദ്രം തരാനുള്ളത്‌ 900 കോടി
കഴിഞ്ഞവർഷങ്ങളിൽ നെല്ല് സംഭരിച്ച ഇനത്തിൽ കേന്ദ്രം സംസ്ഥാനത്തിന്‌ തരാനുള്ളത്‌ 900 കോടി രൂപ. എന്നാൽ, കഴിഞ്ഞ സീസണുകളിൽ സംഭരിച്ച മുഴുവൻ നെല്ലിന്റെയും തുക സംസ്ഥാനസർക്കാർ കർഷകർക്ക് കൊടുത്തു.
കർഷകരെ കബളിപ്പിക്കുന്നത്‌ ബിജെപി
പാലക്കാട്‌
നെല്ലുസംഭരണത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാർ നയങ്ങളാണെന്നും കർഷകരെ കബളിപ്പിക്കുന്നത്‌ ബിജെപിയാണെന്നും അഖിലേന്ത്യാ കിസാൻസഭ ജില്ലാ കൗൺസിൽ. സംഭരണവില സമയബന്ധിതമായി നൽകാൻ കേന്ദ്രം തയ്യാറാകണം. കേന്ദ്രം സൃഷ്ടിക്കുന്ന പ്രതിസന്ധി യുഡിഎഫും ബിജെപിയും കാണാതെ പോകുന്നത്‌ പ്രതിഷേധാർഹമാണ്‌. യഥാസമയം കർഷകർക്ക്‌ വില നൽകാത്ത കേന്ദ്രസർക്കാർ നടപടിയിൽ യുഡിഎഫ്‌ പ്രതിഷേധിക്കാത്തത്‌ ഇഡി ഭയം കൊണ്ടാണോയെന്ന്‌ വ്യക്തമാക്കണമെന്നും ജില്ലാ സെക്രട്ടറി പൊറ്റശേരി മണികണ്‌ഠനും പ്രസിഡന്റ്‌ കെ രാമചന്ദ്രനും പ്രസ്‌താവനയിൽ പറഞ്ഞു.
കള്ളം പ്രചരിപ്പിക്കുന്നവർ മാപ്പുപറയണം
ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കർഷകർക്കിടയിൽ തെറ്റായ പ്രചാരണ-–-പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുത്തവർ മാപ്പുപറയണം. മറ്റ്‌ സംസ്ഥാനങ്ങളിലെ സംഭരണച്ചുമതല കേന്ദ്രസർക്കാരിൽനിന്ന്‌ ഏറ്റെടുത്ത്  തട്ടിപ്പിന്‌ നേതൃത്വം കൊടുക്കുന്ന വൻകിട കരാറുകാരുടെ എക്കാലത്തെയും ലക്ഷ്യം കേരളമാണ്‌. ഇവിടത്തെ നെല്ല് സംഭരണച്ചുമതല സംസ്ഥാന സർക്കാരിൽനിന്ന്‌ തട്ടിയെടുക്കാനാണ്‌ അവരുടെ ഗൂഢനീക്കം. അത്തരക്കാരുടെ കപട കർഷക സ്നേഹത്തിൽ വഞ്ചിതരാകരുത്‌.
(കെ ഡി പ്രസേനൻ എംഎൽഎ–- കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ്‌)
ഉയർന്ന സംഭരണവില ആശ്വാസം
കാലാവസ്ഥ പ്രതികൂലമായിരുന്നതിനാൽ ഇത്തവണ ഒന്നാംവിള വിരിപ്പ് ഒഴിവാക്കിയാണ് നട്ടത്. അതുതന്നെ വലിയ നഷ്ടമായിരുന്നു. ഇത്രയും പ്രതിസന്ധിയിലും സർക്കാർ ഞങ്ങളെ ചേർത്തുപിടിച്ചു. സപ്ലൈകോ മുഖേന നെല്ല് സംഭരിച്ചു. ഉയർന്ന സംഭരണവിലയുള്ളതുകൊണ്ട് മാത്രമാണ് പിടിച്ചുനിൽക്കുന്നത്. പൊതുവിപണിയിൽ വില കുറച്ചാണ് നെല്ലെടുക്കുന്നത്. കർഷകരെ കടക്കെണിയിൽനിന്ന്‌ രക്ഷിക്കുകയാണ് സർക്കാർ.
(പി കെ മോഹനൻ–- കാട്ടുശേരി)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top