പുതുപ്പരിയാരം
"ആദ്യമായാണ് പെൻഷൻ ലഭിക്കുന്നത്. എന്റെകൂടെ പിണറായി സർക്കാരുണ്ട്. ഞങ്ങളെപ്പോലെയുള്ള പാവങ്ങളെ സഹായിച്ച സർക്കാരാണിത്' –- ക്ഷേമ പെൻഷന്റെ ആദ്യഗഡുവായ ൧൬൦൦ രൂപ കൈയിൽ വാങ്ങിയപ്പോൾ കാശുമണിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി പുതുപ്പരിയാരം പഞ്ചായത്ത് നടത്തിയ ഇടപെടലിലാണ് കാശുമണിക്ക് പെൻഷൻ ലഭിച്ചത്. വിജയകുമാരിക്ക് തിരിച്ചറിയൽരേഖയും പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന സൈറാബാനുവിന് വൈദ്യുതിയും ഗ്യാസ് കണക്‌ഷനും പഞ്ചായത്ത് ലഭ്യമാക്കി.
കേരളത്തിൽ 64,000 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. പുതുപ്പരിയാരം പഞ്ചായത്തിൽ ൧൦ പേരെയും. രണ്ടുപേർ മരിച്ചു. എട്ടുപേർക്ക് ആവശ്യമായ എല്ലാ ജീവിത സാഹചര്യവും പഞ്ചായത്ത് ഒരുക്കി.
പഞ്ചായത്ത് പ്രസിഡന്റ് പി ആർ ബിന്ദു, സ്ഥിരംസമിതി ചെയർമാൻ പി ജയപ്രകാശ്, പഞ്ചായത്ത് അംഗം കെ എസ് ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ വഴിയോരത്ത് കഴിഞ്ഞിരുന്ന ഇവർക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകി. പ്രദേശവാസികളുടെ മേൽവിലാസത്തിൽ നൽകിയ അപേക്ഷയിൽ റേഷൻകാർഡും ആധാർകാർഡും ലഭിച്ചു. പുറമ്പോക്കിൽ താമസിച്ചിരുന്നവർക്ക് വൈദ്യുതി, ഗ്യാസ് കണക്‌ഷൻ എന്നിവ ലഭ്യമാക്കി. ലൈഫ് പദ്ധതി പ്രകാരം ഭൂമി കണ്ടെത്തി വീടുവച്ച് നൽകാനുള്ള നടപടികൾ ആരംഭിച്ചു. ചൊവ്വാഴ്ച ക്ഷേമപെൻഷൻ ആദ്യഗഡു വിതരണം ചെയ്‌തു. എല്ലാ മാസവും ഭക്ഷ്യക്കിറ്റും നൽകുന്നുണ്ട്.
ഏഴാം വാർഡിലെ അർബുദ ബാധിതയായ യുവതിക്കും മാനസിക വെല്ലുവിളികൾ നേരിടുന്ന രണ്ടുപേർക്കും സൗജന്യ ചികിത്സയും ഒരുക്കി. മാനസിക വെല്ലുവിളി നേരിടുന്ന അതിഥിത്തൊഴിലാളി ഗംഗാറാമിന് അധികൃതർ തിരിച്ചറിയൽരേഖകൾ ശരിയാക്കി നൽകി. ഭക്ഷ്യക്കിറ്റും താമസ സൗകര്യവും ഒരുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..