22 December Sunday
കൽപ്പാത്തി രഥോത്സവം

ഒരുമയുടെ തേരുരുളുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

രഥവീഥിയിൽ... കൽപ്പാത്തി രഥോത്സവത്തിന്റെ ഒന്നാം തേരുത്സവദിനത്തിൽ അസ്തമയ വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമവീഥിയിലൂടെ വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥങ്ങളുടെ പ്രയാണം ഫോട്ടോ: ശരത് കൽപ്പാത്തി

പാലക്കാട്‌

ഒരുമയുടെയും സ്‌നേഹത്തിന്റെയും തേരുകൾ കൽപ്പാത്തിയുടെ വീഥികളിൽ ഉരുണ്ടുതുടങ്ങി. രഥോത്സവത്തിന്റെ ഒന്നാംതേര് ബുധനാഴ്ച ആരംഭിച്ചു. വ്യാഴാഴ്‌ച രണ്ടാംതേരും വെള്ളിയാഴ്‌ച രഥസംഗമവും നടക്കും. 
ബുധൻ രാവിലെയാണ്‌ കുണ്ടമ്പലത്തിൽ രഥാരോഹണം നടന്നത്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപാർവതിയും ഗണപതിയും വള്ളി- ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയും തേരിലേറ്റി പ്രദക്ഷിണം തുടങ്ങി. പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ വ്യാഴാഴ്‌ചയാണ്‌ രഥാരോഹണം. തുടർന്ന്‌ മന്ദക്കര മഹാഗണപതിയും പ്രദക്ഷിണ വഴികളിലേക്കിറങ്ങും. വെള്ളിയാഴ്‌ചയാണ്‌ പഴയ കൽപ്പാത്തി ലക്ഷ്‌മീനാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ രഥാരോഹണം. അന്ന്‌ രഥാരോഹണശേഷം ഇരുക്ഷേത്രങ്ങളിലെയും ദേവരഥങ്ങൾ ഗ്രാമ പ്രദക്ഷിണത്തിനിറങ്ങും. അന്ന്‌ വൈകിട്ടാണ് കൽപ്പാത്തി കാത്തിരിക്കുന്ന ദേവരഥസംഗമം. ത്രിസന്ധ്യയിൽ ദേവരഥങ്ങൾ തേരുമുട്ടിയിൽ സംഗമിക്കുന്നത്‌ കാണാൻ പതിനായിരങ്ങളെത്തും.
പാലക്കാടൻ അഗ്രഹാരങ്ങളുടെ ഭൂപടത്തിൽ ഉറച്ചഗ്രാമമാണ്‌ കൽപ്പാത്തി. കാശിയിൽനിന്ന്‌ കൊണ്ടുവന്ന്‌ പ്രതിഷ്‌ഠിച്ച വിശ്വനാഥസ്വാമിയാണ്‌ ക്ഷേത്രത്തിലെ മൂലപ്രതിഷ്‌ഠ. അതിനാൽ കാശിയിൽ പാതി എന്നും പിന്നീട്‌ അത്‌ ലോപിച്ച്‌ കൽപ്പാത്തിയുമായി എന്നാണ്‌ ഐതീഹ്യം. ഗതാഗത സൗകര്യങ്ങളില്ലാത്ത കാലത്ത്‌ നിലമ്പൂർ–-മഞ്ചേരി ഭാഗങ്ങളിൽനിന്ന്‌ കാളവണ്ടിയിൽ ആളുകൾ കൽപ്പാത്തിയിലെത്തിയിരുന്നു.
സുരക്ഷയൊരുക്കാൻ വൻപൊലീസ്‌ സംഘം
പാലക്കാട്‌
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് എഎസ‍്പി അശ്വതി ജിജിയുടെ നേതൃത്വത്തിൽ കൃത്യമായ ക്രമീകരണങ്ങളോടെ ഗതാഗത നിയന്ത്രണവും പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്‌. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിന്റെ  നിരീക്ഷണത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്‌ച മൂന്ന് ഡിവൈഎസ്‌പിമാരുൾപ്പെടെ മുന്നൂറോളം പൊലീസുകാർ സുരക്ഷാ ചുമതലയിലുണ്ടായിരുന്നു. വ്യാഴാഴ്‌ച നാല് ഡിവൈഎസ്‌പിമാരുൾപ്പെടെ 310 പൊലീസുകാരും വെള്ളിയാഴ്‌ച നാല് ഡിവൈഎസ്‌പിമാരുൾപ്പെടെ 590 -പൊലീസുകാരും സുരക്ഷയൊരുക്കും. വൈകിട്ട് അഞ്ച് മുതൽ രാത്രി പത്തുവരെ ഒലവക്കോട് -ശേഖരീപുരം -കൽമണ്ഡപം ബൈപാസ് റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
കൽപ്പാത്തി രഥോത്സവം; നാളെ പ്രാദേശിക അവധി
പാലക്കാട്‌
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്‌ച പാലക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top