04 December Wednesday

പുതുജീവിതത്തിൻ പുഞ്ചിരി

വേണു കെ ആലത്തൂർUpdated: Thursday Aug 15, 2024

പേഴുംപാറയിലെ പുതിയ വീട്ടിൽ ആബിദയും 
ഭർതൃ സഹോദരന്റെ ഭാര്യ ഫാത്തിമയും

 
പാലക്കാട്‌
2018 ആഗസ്‌ത്‌ 16, അന്നാണ്‌ സംസ്ഥാനത്തെ ഞെട്ടിച്ച അളുവാശേരി ചേരുംകാട്ടിലെ ഉരുൾപൊട്ടലുണ്ടായത്‌. ആതനാട്‌ മലയിൽനിന്ന്‌ ഉരുൾപൊട്ടി മണ്ണും പാറക്കഷ്‌ണങ്ങളും ഒലിച്ചിറങ്ങി ഒരുപ്രദേശത്തെ ഇല്ലാതാക്കി. മൂന്നുദിവസത്തെ രക്ഷാപ്രവർത്തനത്തിനുശേഷമാണ്‌ മുഴുവൻ മൃതദേഹങ്ങളും കിട്ടിയത്‌. 10 പേർ മരിച്ചു. ഓർമയിൽ ഭീതി പടർത്തിയ ആ ദിനത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കിടുകയാണ്‌ ഫാത്തിമയും ആബിദയും. നാസർ, ഇബ്രാഹിം സഹോദരങ്ങളുടെ ഭാര്യമാരാണ്‌ ഇരുവരും. 
ഇന്നിവിടെ ആളനക്കമില്ല, ഭയപ്പെടുത്തുന്ന നിശബ്ദത, പുല്ലുവളർന്ന്‌ കാടുപിടിച്ച കുന്നിൻചെരിവിലെ റബർതോട്ടത്തിനിടയിൽ ഭാർഗവീനിലയംപോലെ അടുത്തടുത്തായി രണ്ട്‌ വീട്‌. ഒരുവീടിന്റെ വരാന്തയിൽ  ഇരുന്ന്‌ ഫാത്തിമയും ആബിദയും പറഞ്ഞു തുടങ്ങി.   ‘‘ആറുവർഷംമുമ്പുവരെ ഇവിടം കളിമുറ്റമായിരുന്നു, അടുക്കളയുണ്ടായിരുന്നു. സ്‌നേഹത്തിന്റെ കോട്ടകെട്ടിയ അയൽവാസികളുണ്ടായിരുന്നു. ഇന്ന്‌ എല്ലാം ഓർമയായി. ആഴ്‌ചയിലൊരിക്കൽ ഇവിടെ എത്തും. റബർക്കുരു പെറുക്കും.’’ ഫാത്തിമ കൽനാടും ആബിദ പേഴുംപാറയിലുമാണ്‌ താമസം. 
 അന്നത്തെ ആ ഉരുൾപൊട്ടൽ, ഉറക്കം ഉണരുംമുമ്പേ മരണത്തിന്‌ കീഴടങ്ങിയവർ, സ്വപ്‌നങ്ങൾ കണ്ട്‌ മരണത്തിലേക്ക്‌ പോയവർ. സംഭവശേഷം 14 കുടുംബങ്ങൾ ചേരുംകാട്ടിൽനിന്ന്‌ പറിച്ചുനടപ്പെട്ടു. ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണിയുണ്ട്‌. അതിനാൽ ഇവിടെ താമസിക്കാൻ അനുവാദമില്ല. മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയും സ്ഥലത്തിനും വീടിനുംകൂടി 10 ലക്ഷം രൂപവീതം അനുവദിക്കുകയും ചെയ്‌തു. ചേരുംകാട്ടിൽനിന്ന്‌ പറിച്ചുനടപ്പെട്ടവർ അളുവാശേരി, കൽനാട്‌, പേഴുംപാറ, പോത്തുണ്ടി എന്നിവിടങ്ങളിൽ സ്ഥലം വാങ്ങി വീടുവച്ചു. ഏതാനും ചില വീടുകൾ പൂർത്തിയാകാനുണ്ട്‌. വീട്‌ പൂർത്തിയാക്കാനുള്ള ശബരീനാഥൻ ഇപ്പോഴും പോത്തുണ്ടി ഇറിഗേഷൻ ക്വാർട്ടേഴ്‌സിലാണ്‌ താമസിക്കുന്നത്‌. വാടകയില്ല. വൈദ്യുതി, വെള്ളം എന്നിവയുടെ ബില്ലുമാത്രം അടയ്‌ക്കണം. ഉരുൾപൊട്ടിയശേഷം മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക്‌ പുതിയ വീട്‌ നിർമിക്കുന്നതുവരെ വീട്ടുവാടകയും സർക്കാർ നൽകിയിരുന്നു. 
കെ ബാബു എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ്‌ ഇറിഷേൻ ക്വാർട്ടേഴ്‌സും വാടകയും ഏർപ്പാടാക്കിയത്‌. പേഴുംപാറയിലെ ബത്‌ലഹേം ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ മൂന്ന്‌ വീട്‌ നിർമിച്ചുനൽകിയിരുന്നു. ചേരുംകാട്ടിൽനിന്ന്‌ മാറേണ്ടിവന്നെങ്കിലും പുതിയ വീട്‌ കിട്ടിയ സന്തോഷത്തിലാണ്‌ കുടുംബങ്ങൾ. ഒരു സങ്കടംമാത്രം. പഴയ അയൽവാസികൾ ഇല്ല, അന്നുകണ്ട പല മുഖങ്ങളും ഇന്ന്‌ ചിത്രങ്ങളായി മാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top