ഷൊർണൂർ
ശമ്പളം മുടങ്ങിയതിനെ തുടർന്ന് ട്രെയിനിലെ കോച്ചുകളിൽ വെള്ളം നിറയ്ക്കുന്ന റെയിൽവേ കരാർത്തൊഴിലാളികൾ (വാട്ടറിങ് തൊഴിലാളികൾ) പണിമുടക്കി. ഇതേ തുടർന്ന് ട്രെയിനിൽ വെള്ളം ലഭിക്കാത്തതിനാൽ യാത്രക്കാർ ദുരിതത്തിലായി.
ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിലാണ് വാട്ടറിങ് റെയിൽവേ കരാർത്തൊഴിലാളികൾ ബുധനാഴ്ച കോച്ചുകളിൽ വെള്ളം നിറയ്ക്കാതെ പ്രതിഷേധിച്ചത്. എല്ലാ മാസവും 10ന് ശമ്പളം നൽകണമെന്നാണ് നിബന്ധന. എന്നാൽ 14- –-ാം തീയതി കഴിഞ്ഞിട്ടും ശമ്പളം നൽകിയില്ല. എല്ലാ മാസവും ഇതുതന്നെയാണ് അവസ്ഥയെന്ന് തൊഴിലാളികൾ പറയുന്നു. 35 തൊഴിലാളികളാണ് രാവും പകലുമായി ജോലി ചെയ്യുന്നത്. യാത്രക്കാരുടെ പരാതിയെ തുടർന്ന് റെയിൽവേ അധികൃതർ വൈകിട്ട് അഞ്ചോടെ ശമ്പളം നൽകി. പിന്നീട് സമരം അവസാനിപ്പിച്ചു.
ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്റ്റേഷൻ ഐഒഎച്ച് ഷെഡ്ഡിലെ കോച്ചുകളും ബയോ ക്ലീനിങ് നടത്തുന്ന ശുചീകരണ കരാറു തൊഴിലാളികൾക്കും ഇതുതന്നെയാണ് അവസ്ഥ. 10–-ാം തീയതി കിട്ടേണ്ട ശമ്പളം എല്ലാ മാസവും 20 കഴിഞ്ഞാണ് ലഭിക്കുക. ഈമാസത്തെ ശമ്പളം ഇതുവരെ കിട്ടിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഐഒഎച്ച് ഷെഡ്ഡിൽ കോച്ചുകൾ വൃത്തിയാക്കാൻ 12 തൊഴിലാളികളും ബയോ ക്ലീനിങ് (കക്കൂസ് മാലിന്യം) നടത്താൻ അഞ്ച് തൊഴിലാളികളുമാണ് റെയിൽവേ നിയമിച്ച ജീവനക്കാർക്ക് പുറമെ ഉള്ളത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹഗ്‌സ് ആൻഡ് ഹഗ്‌സ് കെം ലിമിറ്റഡ് എന്ന കമ്പനിയാണ് ഇരുവിഭാഗത്തിലുമുള്ള തൊഴിലാളികൾക്ക് ശമ്പളം നൽകേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..