മണ്ണാർക്കാട്
ഭയന്നുവിറച്ചാണ് മലയോര മേഖലയിലെ ജനങ്ങൾ രാവിലെയും രാത്രിയും ചെറുവാഹനങ്ങളിൽ സഞ്ചരിക്കുന്നത്. വീട്ടിൽ നിന്നിറങ്ങി ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ, ജോലികഴിഞ്ഞ് രാത്രി തിരികെ വീട്ടിലെത്തുന്നതുവരെ ജീവൻ കൈയിൽപ്പിടിച്ചുള്ള യാത്ര. ഒരു പൊന്തക്കാടിന്റെ അല്ലെങ്കിൽ ഇരുട്ടിന്റെ മറപറ്റി കാട്ടുപന്നിയുടെ രൂപത്തിൽ പാഞ്ഞടുക്കുന്നത് മരണമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുക്കണ്ണത്തെ യുവാവിന്റെ മരണം.
കാട്ടുപന്നിയിടിച്ച് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരും ഗുരുതര പരിക്കേറ്റവരും അനവധി. ഇടിയുടെ ആഘാതത്തിൽ വാഹനവും തകരുമെന്നുറപ്പ്. വൈകിട്ട് ഏഴുകഴിഞ്ഞാൽ ഒറ്റയ്ക്കും കൂട്ടത്തോടെയും കാട്ടുപന്നികൾ ഇറങ്ങും. വ്യാപകമായ കൃഷിനാശം വേറെ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പന്നിയുടെ ആക്രമണത്തിൽ മണ്ണാർക്കാട് വനം ഡിവിഷനിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാഞ്ഞിരപ്പുഴ, തെങ്കര, കോട്ടോപ്പാടം, മണ്ണാർക്കാട് നഗരസഭയിലെ മുക്കണ്ണം, ചേലേങ്കര മേഖലകളിലാണ് പന്നിശല്യം രൂക്ഷം. മണ്ണാർക്കാട് വനം ഡിവിഷന്റെ പരിധിയിൽ ഇതുവരെ 121 കാട്ടുപന്നികളെ വെടിവച്ചുകൊന്നിട്ടുണ്ട്. എന്നാൽ ഇവയുടെ ശല്യം കുറഞ്ഞിട്ടില്ല. ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്ന നടപടി കാര്യക്ഷമമാക്കുമെന്ന് മണ്ണാർക്കാട് ഡിഎഫ്ഒ പഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..