പാലക്കാട്
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും 2,700 ഇരട്ട വോട്ട് ചേർത്തുവെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. പട്ടാമ്പിയിൽ സ്ഥിരതാമസക്കാരനായ ബിജെപി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസിന് പാലക്കാട് നഗരസഭയിൽ 73–-ാം ബൂത്തിൽ 431 ക്രമനമ്പറിൽ വോട്ട് ചേർത്തി. പട്ടാമ്പി ആമയൂർത്തൊടിയിൽ 79-–ാം ബൂത്തിലെ വോട്ടറാണ് ഇയാൾ. 430 ക്രമനമ്പറിൽ ചേർത്തിയ ജിതേഷ് എന്നയാൾ ചാവക്കാട്ടെ ബിജെപി പ്രവർത്തകനാണ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനാഷിന്റെ അടുത്തയാൾ ടി കെ കോയപ്പിന് 134, 135 ബൂത്തുകളിൽ വോട്ടുണ്ട്. വ്യാപകമായി ഇരട്ടവോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുകയാണ്.
പിരായിരി പഞ്ചായത്തിൽമാത്രം 800–-ലേറെ വ്യാജ വോട്ടുകൾ ചേർത്തു. മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പിൽനിന്നുള്ള നിരവധിപേർക്ക് ഇവിടെ വോട്ടുണ്ട്. വീട്ടുനമ്പർ ഇല്ലാതെയാണ് പട്ടികയിൽ വോട്ട് ചേർത്തിരിക്കുന്നത്. ബിഎൽഒമാരെ സ്വാധീനിച്ചാണ് ക്രമക്കേട്. മുപ്പതുമുതൽ 70 വയസുവരെയുള്ളവരെയാണ് ഇത്തരത്തിൽ ചേർത്തത്. വത്സല എന്ന കോൺഗ്രസ് പ്രവർത്തക ആളെ തിരിച്ചറിയാതിരിക്കാൻ രണ്ട് തരം സാരി ഉടുത്ത് ഫോട്ടോ എടുത്താണ് 105, 66 ബൂത്തുകളിൽ വോട്ട് ചേർത്തിരിക്കുന്നത്.
വ്യാജ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കരുത്. ഇങ്ങനെ പേരുള്ളവർ വോട്ട് ചെയ്യാൻ എത്തുമ്പോൾ റേഷൻ കാർഡ് പരിശോധിക്കണം. തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ 18ന് പ്രക്ഷോഭം നടത്തുമെന്നും ഇ എൻ സുരേഷ്‌ബാബു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..