പാലക്കാട്
വിജയിച്ചാൽ അടിസ്ഥാനമേഖലകൾക്ക് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ. 13 വർഷം എംഎൽഎയായിരുന്ന കോൺഗ്രസ് പ്രതിനിധി അടിസ്ഥാന മേഖലകളിൽ ഒന്നും ചെയ്‌തിട്ടില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന ഗവ. മോയൻ ഹയർ സെക്കൻഡറി സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും. എട്ടുവർഷംകൊണ്ട് സംസ്ഥാനത്തെ സ്‌കൂൾ കെട്ടിടങ്ങൾ കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് മികച്ചതാക്കിയിട്ടും നേട്ടം മണ്ഡലത്തിലെത്തിക്കാൻ മുൻ എംഎൽഎക്ക് കഴിഞ്ഞിട്ടില്ല. ഡിജിറ്റലൈസേഷൻ പദ്ധതി മോയൻസിലെത്തിയില്ല.
പ്രധാന സർക്കാർ കോളേജായ വിക്ടോറിയയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും പരാജയപ്പെട്ടു. മെൻസ്, ലേഡീസ് ഹോസ്‌റ്റലുകൾ ശോച്യാവസ്ഥയിലാണ്. പുതിയ മെൻസ്, ലേഡീസ് ഹോസ്‌റ്റൽ ഉറപ്പാക്കും.
മെഡിക്കൽ കോളേജിനെ സംസ്ഥാനത്തുതന്നെ മികച്ച നിലവാരത്തിലേക്ക് ഉയർത്തും. വിദ്യാർഥികളുടെ സ്‌റ്റാർട്ടപ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആധുനിക സൗകര്യങ്ങളുള്ള ഇൻക്യുബേഷൻ കേന്ദ്രം ആരംഭിക്കും. കായികമേഖലയ്‌ക്ക് പ്രാധാന്യം നൽകും.
വിദ്യാർഥികൾക്ക് നിത്യേന ഉപയോഗിക്കത്തക്കവിധം നല്ലൊരു മൈതാനമോ കായിക സംവിധാനമോ മണ്ഡലത്തിലില്ല. ഈ പോരായ്‌മ പരിഹരിക്കും. ഇൻഡോർ സ്‌റ്റേഡിയം വിപുലീകരിച്ച് പണി പൂർത്തിയാക്കും.
സ്‌കൂൾ, കോളേജ് വിദ്യാർഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ വെൽനെസ് സെന്റർ ആരംഭിക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികളുടെ ശാസ്‌ത്രീയ വിദ്യാഭ്യാസം ഉറപ്പാക്കാൻ ഭിന്നശേഷി സൗഹൃദ സ്‌കൂളുകൾ ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..