കണ്ണാടി
ദേശീയപാതയിൽ കണ്ണനൂർ ജങ്ഷനുസമീപം സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പെടെ 21 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ശനി പകൽ 1.15നായിരുന്നു അപകടം. പാലക്കാട്–-പെരിങ്ങോട്ടുകുറുശി–--തിരുവില്വാമല റൂട്ടിലോടുന്ന ബസ് ആദ്യം മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലും പിന്നീട് ഡിവൈഡറിലും ഇടിച്ചശേഷം എതിർ ട്രാക്കിലേക്ക് മറിയുകയായിരുന്നു.
മറിഞ്ഞ ബസ് 50 മീറ്റർ നിരങ്ങിനീങ്ങി. സ്റ്റേഷൻ ഓഫീസർ ആർ ഹിതേഷിന്റെ നേതൃത്വത്തിൽ പാലക്കാട് അഗ്നിരക്ഷാസേനയും പാലക്കാട് ടൗൺ സൗത്ത് ഇൻസ്‌പെക്ടർ എ ആദംഖാന്റെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റ ബസ് ഡ്രൈവർ ജയപ്രകാശ്(32), കണ്ടക്ടർ ദേവദാസ്(54), യാത്രക്കാരായ മേഘ(25), നിത്യ(38), ഷബ്ന(43), ഉണ്ണികൃഷ്ണൻ (64), ഗ്രീഷ്മ(30) എന്നിവർ ജില്ലാ ആശുപത്രിയിലും സുധ(45), രതീഷ്(37), ഭാവന(30), സുമതി(64), വിലാസിനി(74), ശ്രീനാഥ്(28), സന്തോഷ്(30), കൃഷ്ണൻകുട്ടി(53), സഹദേവൻ (67), സുമയ(24), രാമചന്ദ്രൻ(83), ഹാരിഫ(29), ഷാഫിയ(4), അന്ന ഫാത്തിമ(5) എന്നിവർ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ എത്തിച്ച് ബസ് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ സൗത്ത് പൊലീസ് കേസെടുത്തു. മോട്ടോർ വാഹന വകുപ്പ് ഇവിടെ പരിശോധന നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..