21 December Saturday
റെയിൽവേ കരാറുകാരൻ ശമ്പളം നൽകിയില്ല

ശുചീകരണത്തൊഴിലാളികൾ പണിമുടക്കിൽ

സ്വന്തം ലേഖകൻUpdated: Wednesday Oct 16, 2024

പണിമുടക്കിയ ശുചീകരണത്തൊഴിലാളികൾ നടത്തിയ പ്രകടനം യൂണിയൻ ജനറൽ സെക്രട്ടറി 
ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

 
പാലക്കാട്
ശമ്പളവും ബോണസും നൽകാത്ത കരാറുകാരന്റെ തൊഴിലാളി ദ്രോഹനിലപാടുകളിൽ പ്രതിഷേധിച്ച്‌ ഒലവക്കോട്‌ ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിലെ വാട്ടർ ആൻഡ് കോച്ച് ക്ലീനിങ് മേഖലയിലെ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക്‌ ആരംഭിച്ചു. ചൊവ്വ വൈകിട്ട്‌ അഞ്ചുമുതലാണ്‌ എഴുപത്തഞ്ചോളം തൊഴിലാളികൾ പണിമുടക്ക്‌ തുടങ്ങിയത്‌. റെയിൽവേ കോൺട്രാക്ട് കാറ്ററിങ്‌ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ്‌ സമരം. 
ഒരുമാസം മുമ്പ്‌ കരാറുകാരനും റെയിൽവേ ഉന്നത ഉദ്യോഗസ്ഥന്മാരും യൂണിയൻ പ്രതിനിധികളും ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ ചർച്ചയെ തുടർന്ന് 8.33 ശതമാനം ബോണസും അതതുമാസം പത്താം തീയതി ശമ്പളവും കൊടുക്കാമെന്ന് ഉറപ്പ്‌ നൽകി കരാറിൽ ഒപ്പുവച്ചിരുന്നു. എന്നാൽ, ഒക്ടോബർ പത്തിന് നൽകേണ്ട ശമ്പളം ഇതുവരെ വിതരണം ചെയ്‌തിട്ടില്ല. കരാറുകാരൻ നിയമലംഘനം നടത്തിയാൽ കരാർ റദ്ദാക്കാനും ക്രിമിനൽ നടപടി പ്രകാരം കേസെടുക്കാനും വകുപ്പ് ഉണ്ടെന്നിരിക്കെ റെയിൽവേ അനങ്ങാപ്പാറ നയം സ്വീകരിച്ചു.  പ്രശ്നത്തിൽ ഇടപെടുന്നുമില്ല. ഇതിനാലാണ്‌ തൊഴിലാളികൾ പണിമുടക്ക് സമരത്തിന്‌ നിർബന്ധിതരായത്‌. 
    മുംബൈ സ്വദേശിയാണ്‌ കരാറുകാരൻ. കരാർ ലംഘിച്ചിട്ടും അതിൽ ഒപ്പുവച്ച റെയിൽവേ ഉന്നത ഉദ്യോഗസ്ഥൻപോലും വിളിച്ചുചോദിച്ചിട്ടില്ല. ശമ്പളം ലഭിക്കുന്നതുവരെ പണിമുടക്കി സമര രംഗത്ത്‌ തുടരാനാണ്‌ തൊഴിലാളികാളുടെ തീരുമാനം. 
 ഒലവക്കോട് റെയിൽവേ സ്റ്റേഷനുമുന്നിൽ തൊഴിലാളികൾ പ്രകടനവും പൊതുയോഗവും നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്‌തു. വി ബാലകൃഷ്ണൻ അധ്യക്ഷനായി. എ പി അപ്പു, സന്തോഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top