വടക്കഞ്ചേരി
ഭർത്താവിന്റെ മരണശേഷം മകനെ പൊന്നുപോലെ സുലോചന വളർത്തി. അവർ മരണത്തിലും പിരിഞ്ഞില്ല. കണ്ണമ്പ്ര കൊട്ടേക്കാട് നിവാസികൾ ചൊവ്വാഴ്ച രാവിലെ ഉണർന്നത് ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടാണ്. കനത്ത മഴയിൽ വീടിന്റെ ചുവർ ഇടിഞ്ഞ് വീണാണ് കണ്ണമ്പ്ര കൊട്ടേക്കാട് സുലോചന (54), മകൻ രഞ്ജിത് (31) എന്നിവർ മരിച്ചത്. ഇവർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മുപ്പത് വർഷം മുമ്പ് സുലോചനയുടെ ഭർത്താവ് ശിവദാസൻ മരിച്ചതോടെ രഞ്ജിത്തിനെയും മകൾ രമാലക്ഷ്മിയെയും കഷ്ടപ്പെട്ടാണ് വളർത്തിയത്. തൃശൂർ –-ഗുരുവായൂർ റൂട്ടിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന രഞ്ജിത്തിന് രണ്ടുവർഷം മുമ്പ് ബൈക്കപകടത്തിൽ പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് ചികിത്സയ്ക്ക് ശേഷം ചെറിയ തോതിൽ ഓർമക്കുറവുള്ളതിനാൽ ജോലിക്ക് പോകാനാവാത്ത അവസ്ഥയിലായി. അസുഖബാധിതയായ അമ്മ സുലോചന തന്നെയാണ് രഞ്ജിത്തിനെ പരിചരിക്കാനും ഉണ്ടായിരുന്നത്. ഇവർ താമസിക്കുന്ന വീട് കാലപ്പഴക്കം വന്നതിനാൽ മാറി ത്താമസിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.എന്നാൽ തയ്യാറായില്ല.
കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് ചുവർ പതിക്കുകയായിരുന്നു. അഗ്നി രക്ഷാ സേനയെത്തി ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. രാത്രിയിൽ എപ്പോഴെങ്കിലും അപകടം സംഭവിച്ചിരിക്കാം എന്നാണ് കരുതുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു. കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് പേർ അന്തിമോപചാരമർപ്പിക്കാൻ എത്തി. കെ രാധാകൃഷ്ണൻ എംപി, പി പി സുമോദ് എംഎൽഎ, ആലത്തൂർ ഡിവൈഎസ്-പി എൻ മുരളീധരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം സുമതി, പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഐ ഹസീന, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം കെ എൻ സുകുമാരൻ, ഏരിയ സെക്രട്ടറി ടി കണ്ണൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..