ചിറ്റൂർ
വിരൽവച്ചാൽ മുറിയുന്ന രീതിയിൽ കുതിച്ചൊഴുകുന്ന ചിറ്റൂർപ്പുഴയിലേക്കാണ് അവരിറങ്ങിയത്. പുഴയ്ക്കുനടുവിൽ പാറക്കെട്ടിൽ കാത്തിരിക്കുന്ന നാല് ജീവനുകളുടെ രക്ഷ മാത്രമായിരുന്നു ലക്ഷ്യം. പുഴയിലെ ഒഴുക്കിനെയും തോൽപ്പിച്ച് പാറക്കെട്ടിലേക്ക് അഗ്നിരക്ഷാസേനാംഗങ്ങളുടെ കരം നീണ്ടപ്പോൾ കരയിൽ ആശങ്കയോടെ കാത്തുനിന്നവർ ആർപ്പുവിളിച്ചു. ഒടുവിൽ ആശ്വാസതീരമണഞ്ഞപ്പോൾ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരോടുള്ള നന്ദി സൂചകമായി നാലുപേരുടെയും കണ്ണുകൾ നിറഞ്ഞു.
നിമിഷനേരത്തിൽ ഒരാൾപ്പൊക്കത്തിൽ ജലനിരപ്പുയരുന്ന പുഴയാണ് ചിറ്റൂരിലേത്. അത്തരത്തിൽ അപ്രതീക്ഷിതമായി വെള്ളമെത്തിയതോടെയാണ് കർണാടക സ്വദേശികളായ നാലുപേർ ചൊവ്വാഴ്ച പുഴയിലെ ആലാങ്കടവിലെ പാറക്കെട്ടിൽ കുടുങ്ങിയത്. നാട്ടുകാർ വിവരമറിയിച്ച് മിനിറ്റുകൾക്കകം അഗ്നിരക്ഷാസേന പാഞ്ഞെത്തി. വൈകാതെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ശക്തമായ ഒഴുക്കായിരുന്നു പ്രതിബന്ധം. കയർ ഉപയോഗിച്ച് പാറയിൽ കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തെത്താൻ പ്രയാസപ്പെട്ടു. സേനാംഗങ്ങളായ ഷഫീർ, രമേഷ്, സുജീഷ്, മനു, ബിജു എന്നിവർ കയറും ലൈഫ് ബോയികളും ലൈഫ് ജാക്കറ്റുകളുമായി പുഴയിലേക്കിറങ്ങി. കുടുങ്ങിക്കിടക്കുന്നവരിൽ രണ്ട് വയോധികർ ഉണ്ടെന്നതും വെല്ലുവിളി ഉയർത്തി. വിട്ടുകൊടുക്കാൻ
അവർ ഒരുക്കമല്ലായിരുന്നു.
ലൈഫ് ജാക്കറ്റ് ധരിച്ച് ഒഴുക്കിലൂടെ മുന്നോട്ടുപോകാൻ സാധിക്കാതെ വന്നതോടെ ലൈഫ് ജാക്കറ്റ് ഇല്ലാതെ രക്ഷാപ്രവർത്തനം തുടർന്നു. വെള്ളത്തിലേക്ക് ഇറങ്ങാൻ അറുപത്തഞ്ചുകാരിയായ ദേവി ആദ്യം ഭയപ്പെട്ടെങ്കിലും അഗ്നിരക്ഷാസേനാംഗങ്ങൾ നൽകിയ ആത്മധൈര്യത്തിൽ പേടി മറന്നു. ലൈഫ് ജാക്കറ്റ് ധരിച്ച് റോപ്പിൽ മുറകെപ്പിടിച്ച് മുന്നോട്ട് നീങ്ങാനാണ് നിർദേശമെങ്കിലും ജീവനക്കാരുടെ തോളിൽ അള്ളിപ്പിടിച്ചാണ് ദേവി കരയ്ക്കുകയറിയത്. പിന്നീട് മറ്റ് മൂന്നുപേരെയും കരയ്ക്കെത്തിച്ചു. അസി. സ്റ്റേഷൻ ഓഫീസർ മധുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഗ്രേഡ് ഓഫീസർമാരായ രമേഷ്‌കുമാർ, പുഷ്പരാജൻ, ഡ്രൈവർമാരായ പ്രദീപ്കുമാർ, പ്രിൻസ്, ട്രെയിനികളായ അജിനാസ്, ജിനീഷ്, മനീഷ്, സുധിൻ, സുധീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..