പാലക്കാട്
കേന്ദ്രം ഭരിക്കുന്നവർക്ക് രാജ്യത്തിന്റെ യഥാർഥ പ്രതിസന്ധി മനസ്സിലാകുന്നില്ലെന്ന് സാമ്പത്തികശാസ്ത്ര വിദഗ്ധൻ ഡോ. പരകാല പ്രഭാകർ പറഞ്ഞു. ‘നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയും വെല്ലുവിളികളും' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് യഥാർഥ പ്രതിസന്ധിയെന്ന് അറിഞ്ഞാലേ അത് പരിഹരിക്കാൻ ശ്രമിക്കേണ്ടതുള്ളൂ. ഒരു പ്രതിസന്ധിയുമില്ല എന്നാണ് അവർ വിശ്വസിക്കുന്നത്. അസമത്വത്തെ ന്യായീകരിക്കുന്ന ജനങ്ങൾ രാജ്യത്ത് പെരുകുന്നു. ഇത് റിപ്പബ്ലിക് ഇന്ത്യക്ക് ആഘാതമുണ്ടാക്കും.
രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തികമേഖലകളിൽ പ്രതിസന്ധിയുടെ ആഴം വലുതാണ്. രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമാണ്. 2022ൽ റെയിൽവേയിൽ 35,000 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ഒന്നേകാൽ കോടി പേരാണ് അപേക്ഷിച്ചത്. തൊഴിലില്ലായ്‌മ അത്രയ്‌ക്ക് വലുതാണ്. ഇസ്രയേലിനുവേണ്ടി ഗാസയിൽപോയി ജോലിചെയ്‌ത് മരിക്കാനും ഇന്ത്യയിലെ യുവാക്കൾ തയ്യാറാകുന്നു. അസമത്വം വർധിക്കുന്നത് പ്രശ്‌നമായി യുവാക്കൾ കാണുന്നില്ല. അടുത്തിടെ 5,000 കോടി ചെലവിൽ ഒരു വിവാഹം നടന്നു. അതിന്റെ ക്ഷണക്കത്തിനുതന്നെ ഒരു ലക്ഷത്തിന് മുകളിൽ വിലവരും. ഇതിനെ എതിർത്തുകൊണ്ട് ഇട്ട പോസ്‌റ്റിനുതാഴെ 99 ശതമാനും പേർ പ്രതികരിച്ചതും അതിൽ കുഴപ്പമില്ല എന്നാണ്. അവർ പണം സമ്പാദിക്കുന്നു, ചെലവഴിക്കുന്നു. നിങ്ങളും സമ്പാദിക്കൂ ചെലവഴിക്കൂ എന്തിനാണ് അസൂയപ്പെടുന്നത് എന്നായിരുന്നു പ്രതികരണം. യുവാക്കളുടെ മാനസികാവസ്ഥയെ ഇത്തരത്തിൽ മാറ്റിയെടുക്കുകയാണ് ഭരണക്കാർ.
വഴിയിലൂടെ നടക്കുന്നവരുടെ ജാതിനോക്കുന്ന ജനതയായി ഇന്ത്യയെ മാറ്റി. മതേതരത്വം ഇന്ത്യയുടെ ആത്മാവാണ്. അതിനെ കാർന്നുതിന്നുന്ന മതവർഗീയത വൈറസുപോലെ പടരുന്നു. ഇതിനെയൊക്കെ എതിർക്കാൻ തയ്യാറായ മതേതര സൈന്യമായി ജനത മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. പരകാല പ്രഭാകർ രചിച്ച 'ദ ക്രൂക്ക്‌ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച മലയാള പരിഭാഷ ‘ആരൂഢം വളഞ്ഞ നവ ഇന്ത്യ' മന്ത്രി എം ബി രാജേഷ് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവിന് നൽകി പ്രകാശിപ്പിച്ചു. ജില്ലാ പബ്ലിക് ലൈബ്രറി, സ്വരലയ, പാലക്കാട് പ്രഭാഷണ സംഘാടകസമിതി എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സ്വരലയ പ്രസിഡന്റ് എൻ എൻ കൃഷ്ണദാസ് അധ്യക്ഷനായി. ടി ആർ അജയൻ സ്വാഗതവും കെ സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു. സി പി പ്രമോദ് പ്രഭാഷണം പരിഭാഷപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..