കുഴൽമന്ദം
ചെന്നൈയിലെ സൗത്ത് ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ടമെഡൽ നേടി പി അഭിറാം. തൃശൂർ സെന്റർ തോമസ് കോളേജിൽ ബികോം ബാങ്കിങ് ഒന്നാംവർഷ വിദ്യാർഥിയും മാത്തൂർ സ്വദേശിയുമായ അഭിറാം 4 × 400 മീറ്ററിൽ വെള്ളി മെഡലും 400 മീറ്ററിൽ വെങ്കല മെഡലുമാണ് നേടിയത്. അഭിറാമിന്റെ നാലാമത്തെ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പാണ്.
മഹാരാഷ്ട്ര ചന്ദ്രപുരിലെ ദേശീയ ജൂനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം, ഗോവയിലെ ദേശീയ സ്കൂൾ ഗെയിംസിൽ 4 x 400 മീറ്ററിൽ വെങ്കലം, 4 × 400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിമെഡൽ, കുവൈത്തിലെ ഏഷ്യൻ യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4 x 400 മീറ്റർ റിലേയിൽ സ്വർണം, ഭോപാലിലെ ദേശീയ യൂത്ത് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സ്വർണം എന്നിവ നേടി. സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്ററിൽ റെക്കോഡിട്ട അഭിറാം, ദേശീയ സ്കൂൾ കായികമേളയിൽ സ്വർണം നേടിയിട്ടുണ്ട്. മാത്തൂർ പല്ലഞ്ചാത്തനൂർ അമ്പാട് വീട്ടിൽ പ്രമോദിന്റെയും മഞ്ജുഷയുടെയും മകനാണ്.
മാത്തൂർ സിഎഫ്ഡി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള പഠനം. സ്കൂളിലെ കായികാധ്യാപകൻ കെ സുരേന്ദ്രനാണ് പരിശീലകൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..