22 November Friday

ഓണത്തല്ലിന്റെ പെരുമയിൽ പല്ലശന

സ്വന്തം ലേഖകൻUpdated: Tuesday Sep 17, 2024

തിരുവോണ ദിവസം തല്ലുമന്ദിൽ നടന്ന വിവിധ സമുദായക്കാരുടെ ഓണത്തല്ല്

 
കൊല്ലങ്കോട്
രണസ്മരണയുമായി ഓണത്തല്ല് ആഘോഷിച്ച്‌ പല്ലശനക്കാർ. പല്ലശന നാടുവാഴിയായ കുറൂർ നമ്പിടിയെ സാമൂതിരിയുടെ സാമന്തനായ കുതിരവട്ടം നായർപ്പട ചതിയിൽ വെട്ടിക്കൊന്നു. ഇതിൽ ക്ഷുഭിതരായ പല്ലശനക്കാർ ഒന്നടങ്കം കുതിരവട്ടം നായർക്കെതിരെ യുദ്ധം ചെയ്തതിന്റെ ഓർമയ്‌ക്കായാണ് ഓണത്തല്ല് ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം. തിരുവോണ ദിനത്തിൽ ഉച്ചകഴിഞ്ഞ് ഏഴുകുടി സമുദായക്കാരും ഒരുകുടി സമുദായക്കാരും കുളിച്ച് മാംസവിഭവങ്ങളോടെ കൊലച്ചോറുണ്ട് കച്ചകെട്ടി ദേശങ്ങളിൽനിന്ന് ആർപ്പുവിളികളോടെ തല്ലുമന്ദിൽ എത്തി നിരയോട്ടം നടത്തി. 
ദേശ കാരണവൻമാർ എല്ലാ സമുദായക്കാരും എത്തിചേർന്നിട്ടുണ്ടോ എന്ന് വിളിച്ചുചോദിച്ച്‌ ഉറപ്പുവരുത്തിയശേഷം ഓണത്തല്ലിന് ഒരുക്കംകൂട്ടി. ഒരു മണിക്കൂറോളം തല്ല് നീണ്ടു. തല്ല് കൊടുക്കുന്നവരെയും കൊള്ളുന്നവരെയും കാണികൾ ആർപ്പുവിളികളോടെ പ്രോത്സാഹിപ്പിച്ചു. 
തല്ല് അവസാനിപ്പിച്ച് മെയ്യഭ്യാസം, വള്ളിച്ചാട്ടം, കുളം ചാട്ടം, ശയനപ്രദക്ഷിണം എന്നിവയ്‌ക്കുശേഷം ആചാരം ചൊല്ലിപ്പിരിഞ്ഞു. ഞായറാഴ്ച ഉച്ചയ്‌ക്കുശേഷം മന്നാടിയാർ സമുദായക്കാർ പഴയകാവ് മൈതാനിയിൽ കിഴക്കുമുറി, പടിഞ്ഞാമുറി വിഭാഗക്കാർ ഓണത്തല്ല് നടത്തി. 
അവിട്ടം നാളിൽ കിഴക്കേത്തറ, പടിഞ്ഞാറേത്തറ ദേശങ്ങളിലെ നായർ സമുദായക്കാർ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ അവിട്ടത്തല്ല് ആഘോഷിച്ചു. ഓണത്തല്ലിനുശേഷം നിരയോട്ടം നടത്തി ആചാരംചൊല്ലി കുളത്തിൽ കുളിച്ച് തിരികെ ദേശങ്ങളിലേക്ക് പോയി. പോരാട്ടവീര്യവും ആചാരവും ആഘോഷവും സൗഹൃദവും ചേർന്നതാണ് പല്ലശനക്കാരുടെ ഓണത്തല്ല്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top