22 November Friday

‘കൈ’കുമ്പിളിലെ 
താമരയും സ്വതന്ത്രരും

സിബി ജോർജ്Updated: Sunday Nov 17, 2024

 പാലക്കാട്‌ 

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പരസ്‌പരം സഹായിച്ച കോൺഗ്രസ്‌–-ബിജെപി ധാരണ പാലക്കാട്‌  ഉപതെരഞ്ഞെടുപ്പിലും ചർച്ചയാകുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോൺഗ്രസും ബിജെപിയും സംയുക്ത സ്ഥാനാർഥികളെ ‘സ്വതന്ത്ര’രായി നിർത്തി പരീക്ഷിച്ച പഞ്ചായത്തായിരുന്നു പുക്കോട്ടുകാവ്‌. 
13 വാർഡുകളുള്ള പൂക്കോട്ടുകാവിൽ 2020ലെ തെരഞ്ഞെടുപ്പിൽ  ആറ്‌ വാർഡുകളിലായിരുന്നു പരസ്‌പരസഹായം. അതനുസരിച്ച്‌  ഒന്ന്‌, രണ്ട്‌, ആറ്‌, ഏഴ്‌, എട്ട്‌, 13 വാർഡുകളിലാണ്‌ ഇരുപാർടികളും ചിഹ്നം ഉപേക്ഷിച്ച്‌ സ്വതന്ത്രരെ പരീക്ഷിച്ചത്‌.  ഒന്ന്‌, ആറ്‌, 13 വാർഡുകളിൽ  ബിജെപി സ്ഥാനാർഥികളെ നിർത്തിയപ്പോൾ കോൺഗ്രസ്‌ അവരുടെ സ്ഥാനാർഥികളെ ഒഴിവാക്കി പിന്തുണ നൽകി. 
 കോൺഗ്രസ്‌ മത്സരിച്ച രണ്ട്‌, ഏഴ്‌, എട്ട്‌ വാർഡുകളിൽ  ബിജെപിയും സ്ഥാനാർഥികളെ നിർത്തിയില്ല. ഒന്ന്‌, ആറ്‌, 13 വാർഡുകളിൽ   സ്വതന്ത്രർ എന്ന നിലയിലാണ്‌ സ്ഥാനാർഥികളെ അവതരിപ്പിച്ചത്‌. എന്നാൽ ഇവർ തങ്ങളുടെ സ്ഥാനാർഥികളാണെന്ന തരത്തിലായിരുന്നു ബിജെപിയുടെ പ്രചാരണം. സമൂഹമാധ്യമങ്ങളിൽ  പോസ്‌റ്റർ അടക്കം  ഷെയർ ചെയ്‌തു. ഒറ്റയ്‌ക്കുനിന്നാൽ വോട്ട്‌ കിട്ടില്ലെന്നുറപ്പായതിനാലാണ്‌ ബിജെപി ഓട്ടോറിക്ഷ ചിഹ്‌നത്തിൽ  സ്വതന്ത്രരെ അവതരിപ്പിച്ചത്‌. എന്നാൽ, ബിജെപി പിന്തുണയോടെ  കോൺഗ്രസ്‌ കൈപ്പത്തി ചിഹ്‌നത്തിൽതന്നെ മത്സരിച്ചു. 
അവിശുദ്ധസഖ്യം തിരിച്ചറിഞ്ഞ  വോട്ടർമാർ ഇരുകൂട്ടർക്കും തിരിച്ചടി നൽകി. ധാരണ ഉറപ്പിച്ച വാർഡുകളിൽ രണ്ടിടത്ത്‌ മാത്രമാണ്‌  ജയിക്കാനായത്‌.  രണ്ടാം  വാർഡിൽ  ആറ്‌ വോട്ടിനുമാത്രമായിരുന്നു കോൺഗ്രസ്‌ ജയം. ഏഴാം വാർഡിൽ ഭൂരിപക്ഷം നൂറിൽ താഴെ. ഏഴാം വാർഡിൽനിന്ന്‌ ജയിച്ച കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌  പി മനോജ്‌ പിന്നീട്‌ രാജിവച്ചു.   ഉപതെരഞ്ഞെടുപ്പിൽ  എൽഡിഎഫ്‌ സ്ഥാനാർഥിയായി മനോജ്‌ തന്നെ മത്സരിച്ചു. വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഈ വാർഡിലടക്കം ജയിച്ചതോടെ എൽഡിഎഫിന്‌ ഒമ്പത്‌ സീറ്റുണ്ട്‌. യുഡിഎഫിന്‌ നാലും. ബിജെപിക്ക്‌ സീറ്റില്ല. 
    ഇടതുപക്ഷത്തെ തോൽപ്പിക്കാൻ എന്ത്‌ നെറികേടും ചെയ്യാൻ മടിയില്ലാത്തവരാണ്‌ കോൺഗ്രസും ബിജെപിയുമെന്നതിന്റെ തെളിവാണ്‌ പൂക്കോട്ടുകാവ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌. 
വെള്ളിനേഴി പഞ്ചായത്തിലും ബിജെപി പ്രവർത്തകനെ കോൺഗ്രസ്‌ സ്വതന്ത്രനായി മത്സരിപ്പിച്ചിരുന്നു. ഇതുൾപ്പെടെ സംസ്ഥാന തരത്തിൽ കോൺഗ്രസ്‌ –-ബിജെപി സഖ്യനിലപാടിൽ  പ്രതിഷേധിച്ചാണ്‌ മഹിള കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഒ പി കൃഷ്‌ണകുമാരി കഴിഞ്ഞദിവസം കോൺഗ്രസ്‌ വിട്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top