എലപ്പുള്ളി
തെലങ്കാനയിൽനിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസും കൂട്ടിയിടിച്ച് ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേറ്റു. പാലക്കാട് –-പൊള്ളാച്ചി പാതയിൽ പള്ളത്തേരി വള്ളേക്കുളം പട്ടുനൂൽപ്പുഴു സീഡ് ഫാമിന് സമീപം ശനി പകൽ 2.45നാണ് അപകടം.
പാലക്കാടുനിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരുബസിന്റേയും മുൻവശം തകർന്നു. ട്രാൻസ്‌പോർട്ട് ബസിന്റെ ക്യാബിൻ നാട്ടുകാർ ചേർന്ന് പൊളിച്ചാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. ഡ്രൈവർമാരായ തമിഴ്‌നാട് സ്വദേശി സെന്തിൽകുമാർ (45), ആന്ധ്ര സ്വദേശി രാംബാബു, കണ്ടക്ടർ ശബരി രാജൻ, യാത്രക്കാരായ ലക്ഷ്‌മിക്കുട്ടി (62), ജയന്തി (42), സുരേഷ് (51), നന്ദന (22), ശ്രീഹരി (22), അംബിക( 43), നയന (18), ബാബു (49), ഷഹീബ്(24), ശിവകുമാർ (50), ഫവാസ് എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ തീർഥാടകർ എല്ലാവരും തെലങ്കാന ഗഞ്ചം സ്വദേശികളാണ്. പൊള്ളാച്ചിയിലേക്ക് പോയ ബസിൽ 30 യാത്രക്കാരും തീർഥാടകരുമായി വന്ന ബസിൽ 43 പേരുമുണ്ടായിരുന്നു. പരിക്കേറ്റ 21 പേർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നിസ്സാര പരിക്കേറ്റവർക്ക് എലപ്പുള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് ആരോഗ്യപ്രവർത്തകരെത്തി അടിയന്തര വൈദ്യസഹായം നൽകി.
റോഡിന് വീതി കുറവുള്ള ഭാഗത്ത് ഓട്ടോയെ മറികടക്കുന്നതിനിടെ തെലങ്കാനയിലെ അമൃതസായി ട്രാവൽസിന്റെ ബസ് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തെതുടർന്ന് രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
വൈകിട്ട് 4.45ന് ക്രെയിൻ എത്തിച്ച് ഇരുബസുകളും നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ട്രാൻസ്‌പോർട്ട് ബസിലെ ബാക്കി യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.
കഞ്ചിക്കോട് അഗ്നിരക്ഷാ സ്റ്റേഷൻ ഓഫീസർ ടി ആർ രാകേഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ എസ് ജയൻ, അഗ്നിരക്ഷാ സേനാംഗങ്ങളായ പി മനോജ്, കെ വിനേഷ്, കെ മനോജ്, ജിതിൻ, ഹോംഗാർഡ് പി രാമചന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കസബ പൊലീസ് സ്ഥലത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..