05 November Tuesday

ഒലവക്കോട്ടെ മെമു ഷെഡ് പറയും റെയിൽവേയുടെ ‘മനുഷ്യസ്‌നേഹം’

നിധിൻ ഈപ്പൻUpdated: Thursday Jul 18, 2024

ഒലവക്കോട് മെമു ഷെഡ്ഡിലേക്കുള്ള റോഡ് ചെളിയും മാലിന്യവും നിറഞ്ഞ നിലയിൽ

 
പാലക്കാട്  
അടിസ്ഥാന സൗകര്യമില്ല, നല്ലൊരു റോഡില്ല... റെയിൽവേയുടെ അവഗണനയിൽ നട്ടംതിരിഞ്ഞ്‌ പാലക്കാട്‌ മെമു ഷെഡ് ജീവനക്കാർ. ൩൧ തൊഴിലാളികളും മൂന്ന്‌ സൂപ്പർവൈസർമാരുമുൾപ്പെടെ ൩൪ പേർ ജോലി ചെയ്യുന്ന പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷന് സമീപത്തെ മെമു ഷെഡ്ഡിൽ ആകെയുള്ളത് ഒരു ശുചിമുറിമാത്രം. ജീവനക്കാരിൽ ആറുപേർ വനിതകളാണ്. ഒരാൾ അകത്ത്‌ കയറുമ്പോൾ മറ്റൊരാൾ പുറത്ത്‌ കാവൽനിൽക്കേണ്ട അവസ്ഥയാണ്‌. സ്തീകളുൾപ്പെടെയുള്ള ജീവനക്കാർക്ക് വസ്ത്രം മാറാൻ ആകെയുള്ളത് ഒരു പഴയ മുറിയാണ്. ഇത്‌ കാലപ്പഴക്കംമൂലം ദ്രവിച്ചു. ഷെഡ്ഡിലേക്കുള്ള വഴി തകർന്നിട്ട് വർഷങ്ങളായി. ജീവനക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും റെയിൽവേ നടപടി സ്വീകരിച്ചില്ല. ആണ്ടിമഠം നടക്കാവ് മേൽപ്പാലത്തിന് സമീപത്തുകൂടി ഷെഡ്ഡിലേക്കുള്ള വഴിയിൽ ചെളി നിറഞ്ഞതോടെ വാഹനയാത്ര ഏറെ ദുഷ്കരമാണ്. റെയിൽവേ സ്റ്റേഷന് മുന്നിലെ ആർപിഎഫ് ഓഫീസിന്‌ മുൻവശത്തുകൂടി കാൽനടയായോ താണാവ് വഴി ഗുഡ്സ് ഷെഡ് എത്തി അവിടെനിന്ന് കാൽനടയായി ട്രാക്ക് മുറിച്ചുകടന്നോ മാത്രമേ ഇവിടേക്ക് എത്താനാകൂ. അതിനാൽ, ജീവനക്കാർ ഗുഡ്സ് ഷെഡ്ഡിന്‌ സമീപം വാഹനങ്ങൾ നിർത്തി നടന്നാണ് ഓഫീസിൽ എത്തുന്നത്. മംഗലാപുരംവരെയുള്ള വിവിധ ഷെഡ്ഡുകളിലേക്കുള്ള സാധന സാമഗ്രികൾ സൂക്ഷിക്കുന്ന ഷെഡ്ഡിൽ സുരക്ഷാ ജീവനക്കാരുമില്ല. കുറച്ചുനാൾമുമ്പ്‌ ഷെഡ്ഡിൽ കള്ളൻ കയറിയിരുന്നു. അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വാഹന സൗകര്യമില്ലാത്തതാണ്‌ മറ്റൊരു പ്രശ്‌നം. ഓട്ടോയോ ജീവനക്കാരുടെ വാഹനമോ ഉപയോഗിക്കാമെന്നുവച്ചാൽ ചെളിനിറഞ്ഞ വഴിയിലൂടെ സഞ്ചാരവും സാധ്യമല്ല. പായലും ചെളിയും നിറഞ്ഞ ഷെഡ്ഡിനുമുന്നിലെ വഴിയിൽ പലരും തെന്നിവീണിട്ടും അറ്റകുറ്റപ്പണിയെന്ന ആവശ്യം അധികാരികൾ പരിഗണിക്കുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top