03 December Tuesday
മംഗളൂരുവിനെ വേർപെടുത്താൻ നീക്കം

പാലക്കാട്‌ റെയിൽവേ ഡിവിഷന്‌ മരണമണി

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസ്

പാലക്കാട്‌
രാജ്യത്തെ ഏറ്റവും പഴക്കംചെന്ന റെയിൽവേ ഡിവിഷനായ പാലക്കാടിനുകീഴിലുള്ള മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്‌ഷൻ എന്നിവ എടുത്തുമാറ്റി മറ്റ്‌ ഡിവിഷനുകീഴിലാക്കാൻ റിപ്പോർട്ട്‌ തേടിയ  തീരുമാനം പാലക്കാട്‌ റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗം. പാലക്കാട്‌ ഡിവിഷനിൽ ഏറ്റവും കൂടുതൽ ചരക്ക്‌ നീക്കം നടക്കുന്നതും വരുമാനത്തിന്റെ വലിയൊരുഭാഗം നേടിത്തരുന്നതുമായ മംഗളൂരു സെക്ഷൻ മാറ്റിയാൽ പാലക്കാട്‌ ഡിവിഷൻ ദുർബലപ്പെടും. പിന്നീട്‌ വരുമാനം കുറഞ്ഞതിന്റെ പേരിൽ പാലക്കാടിനെ മറ്റ്‌ ഡിവിഷനുകീഴിൽ ലയിപ്പിക്കാനുമാണ്‌ ഗൂഢാലോചന. ബിജെപിയും കോൺഗ്രസും തുടക്കംമുതൽ കാണിക്കുന്ന അവഗണനയാണ്‌  പാലക്കാടിന്‌ വിനയായത്‌.  
   1956ൽ ആഗസ്‌തിലാണ്‌ ഒരു സംസ്ഥാനത്ത്‌ ഒരു ഡിവിഷൻ ആസ്ഥാനം എന്ന രീതിയിൽ  പുതിയ റെയിൽവേ ഡിവിഷനുകൾ രൂപീകരിച്ചത്‌. അന്ന്‌ തമിഴ്‌നാട്ടിലെ ജോലാർപേട്ട്‌ മുതൽ കർണാടകയിലെ മംഗളൂരുവരെയുള്ള 1247. 58 റൂട്ട്‌ കിലോമീറ്ററായിരുന്നു പ്രവർത്തനപരിധി.  1979ൽ തിരുവനന്തപുരം ഡിവിഷൻ രൂപീകരിച്ചതോടെ ഷൊർണൂർ–- എറണാകുളം റൂട്ട്‌   തിരുവനന്തപുരം ഡിവിഷനിലേക്ക്‌  മാറ്റി.   ഇതോടെ 1132.98 കിലോമീറ്ററായി ചുരുങ്ങി. 2007 ൽ ഒന്നാം യുപിഎ സർക്കാർ പാലക്കാടിനെ വെട്ടിമുറിച്ച്‌ സേലം ഡിവിഷൻ രൂപീകരിച്ചതോടെ ജോലാർപേട്ട്‌ മുതൽ പോത്തനൂർ വരെയുള്ള ഭാഗം സേലം ഡിവിഷനുകീഴിലാക്കി. ഇതോടെ രാജ്യത്തെ ഏറ്റവും ചെറിയ ഡിവിഷനായി പാലക്കാട്‌ മാറി. പാലക്കാടിന്‌ വലിയ നഷ്ടം വരുന്നുവെന്ന്‌ അന്ന്‌ എംപിയായിരുന്ന എൻ എൻ കൃഷ്‌ണദാസ്‌ പാർലമെന്റിൽ ഉന്നയിക്കുകയും മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദൻ കേന്ദ്രത്തിന്‌ കത്തയക്കുകയും ചെയ്‌തതോടെ നഷ്ടം നികത്താൻ ടൗൺഷിപ്പോടുകൂടിയ റെയിൽ കോച്ച്‌ ഫാക്ടറി അനുവദിച്ചു. 900 ഏക്കറിൽ വിപുലമായ പദ്ധതിയാണ്‌ തുടക്കത്തിൽ വിഭാവനം ചെയ്‌തത്‌. ഇതിനായി  കഞ്ചിക്കോട്‌ സംസ്ഥാന സർക്കാർ സൗജന്യമായി സ്ഥലം ഏറ്റെടുത്ത്‌ നൽകാനും തയ്യാറായി. പിന്നീട്‌ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്‌ ഇത്‌ ചെറിയ പദ്ധതിയാക്കി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ തീരുമാനിച്ചു. ഇതിനായി 2012 ഫെബ്രുവരിയിൽ പാലക്കാട്‌ കോട്ടമൈതാനത്ത്‌   തറക്കല്ലിടുകയും ചെയ്‌തു. അന്ന്‌ യുഡിഎഫായിരുന്നു സംസ്ഥാനത്ത്‌ ഭരണം. പിന്നീട്‌ ഇതും അട്ടിമറിച്ചു. കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നതോടെ പദ്ധതിതന്നെ ഉപേക്ഷിച്ചു. ഇപ്പോൾ പാലക്കാട്‌ ഡിവിഷനെതന്നെ ഇല്ലാതാക്കുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top