23 December Monday

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിയെ 
പാമ്പു കടിച്ചെന്ന്‌, പരിശോധനയിൽ ലക്ഷണമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കണ്ടെത്തിയ പാമ്പ്‌

പാലക്കാട്‌
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിയെ പാമ്പു കടിച്ചെന്ന്‌ സംശയം. ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ പാമ്പ്‌ കടിച്ച ലക്ഷണം കണ്ടില്ല. രണ്ട്‌ തവണ രക്തസാമ്പിളെടുത്ത്‌  പരിശോധിച്ചെങ്കിലും വിഷാംശം കലർന്നതായി സ്ഥിരീകരിച്ചില്ല. ബുധൻ പകൽ പതിനൊന്നോടെ പുതുനഗരം അടിച്ചിറ സ്വദേശി ഗായത്രി (36) ക്കാണ്‌ കടിയേറ്റതായി സംശയം. ഗായത്രിയുടെ 10മാസം പ്രായമുള്ള മകൾക്ക്‌ ഡെങ്കിപ്പനിയായതിനാൽ ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്തിരുന്നു. 
താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലായതിനാൽ പഴയ കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ വാർഡിൽ പ്രവേശിപ്പിച്ചു. രാവിലെ മൂത്രം പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ നിലത്തുവീണ മൂത്രം വൃത്തിയാക്കാൻ ചൂലെടുത്തപ്പോൾ അതിൽ പാമ്പിനെ കണ്ടു. ഈർക്കലി കൊണ്ടുള്ള ചൂല്‌ എടുക്കുമ്പോൾ കെെയിൽ ചെറിയ പോറൽ ഏറ്റതായി തോന്നിയതോടെയാണ്‌ പാമ്പ്‌ കടിച്ചുവെന്ന സംശയമുണ്ടായത്‌. ആശുപത്രിയിൽ പാമ്പ്‌ കടിയേറ്റാൽ നൽകുന്ന ആന്റിവെനം ഉണ്ടായിട്ടും ജില്ലാ ആശുപത്രിയിലേക്ക്‌ റഫർ ചെയ്യുകയായിരുന്നു. പകൽ 11ന്‌ കടിയേറ്റുവെന്ന്‌ പറയുന്ന യുവതിയുടെ ശരീരത്തിൽ വൈകിട്ട്‌ ഏഴായിട്ടും ലക്ഷണം കണ്ടില്ല. ഒരു ദിവസം നിരീക്ഷണത്തിൽ തുടരാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. ചിറ്റൂർ താലൂക്ക്‌ ആശുപത്രിക്ക്‌ പുറത്തുവച്ചാണ്‌ സംഭവമുണ്ടായതെന്ന്‌ സൂപ്രണ്ട്‌ എൻ അനിൽകുമാർ പറഞ്ഞു.  ഗായത്രിയുടെ ബന്ധുക്കൾ പാമ്പുമായി ജില്ലാ ആശുപത്രിയിലെത്തി. ചിറ്റൂർ ആശുപത്രിയിൽവച്ചാണ്‌ പാമ്പുകടിച്ചതെന്നും ചികിത്സ നിഷേധിച്ചെന്നും ബന്ധുക്കൾ മാധ്യമങ്ങളോട്‌ പറഞ്ഞു. 
ജില്ലാമെഡിക്കൽ ഓഫീസർ കെ ആർ ദിവ്യ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. ആശുപത്രി പരിസരം ശുചീകരിക്കുമെന്നും സ്ഥലത്തു പരിശോധന നടത്തുമെന്നും ചിറ്റൂർ നഗരസഭാ ചെയർപേഴ്‌സൺ കെ എൽ കവിത പറഞ്ഞു.   
സംശയംമാത്രമെന്ന്‌ ആരോഗ്യ വകുപ്പ്‌ 
ഡയറക്ടർ
പാലക്കാട്‌
യുവതിക്ക്‌ പാമ്പ് കടിയേറ്റത് സംശയം മാത്രമാണെന്നും കടിയേറ്റ പാടുകൾ കണ്ടെത്തിയില്ലെന്നും ആരോഗ്യ വകുപ്പ്‌ ഡയറക്ടർ കെ പി റീത്ത അറിയിച്ചു. യുവതിയെ മറ്റൊരിടത്തേക്ക് റഫർ ചെയ്യാൻ പാടില്ലായിരുന്നു. ഇതിൽ റിപ്പോർട്ട് തേടി. റഫർ ചെയ്‌തതിനാൽ  ഭയപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ആശുപത്രി കെട്ടിടത്തിന് പുറത്തുനിന്നാണ് കടിയേറ്റത്‌. വാർഡിനകത്താണെന്ന വാർത്തകൾ തെറ്റാണെന്നും ഡയറക്ടർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top