മലമ്പുഴ
മുരുകദാസിന്റെ വിയോഗത്തിലൂടെ നഷ്ടമായത് നാടിനെയും കുട്ടികളെയും അത്രമേൽ സ്‌നേഹിച്ച അധ്യാപകനെ. അകത്തേത്തറ ഗവ. എൽപി സ്കൂൾ അധ്യാപകനായ ഇത്തിങ്ങപ്പറമ്പിൽ ദാസ് ഭവനിൽ മുരുകദാസ് (52) ബുധനാഴ്‌ചയാണ് അന്തരിച്ചത്. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഫസ്‌റ്റ്‌ബെൽ ഓൺലൈൻ ക്ലാസെടുത്ത ആദ്യ കാഴ്‌ച പരിമിതിയുള്ള അധ്യാപകനെന്ന നിലയിൽ സംസ്ഥാനത്താകെ ശ്രദ്ധിക്കപ്പെട്ടു. ആറാം ക്ലാസിലെ കുട്ടികൾക്കായി ജി കുമാരപിള്ളയുടെ കവിത ഓടക്കുഴൽ വായിച്ച് അവതരിപ്പിച്ച അധ്യാപകനെ ആരും മറക്കാനിടയില്ല.
രണ്ടാം വയസിൽ വസൂരി ബാധിച്ചാണ് കാഴ്‌ച നഷ്ടമായത്. കുന്നംകുളത്തെ ബ്ലൈൻഡ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. വിക്ടോറിയ കോളേജിൽനിന്ന് ബിരുദം. ഫറൂഖ് കോളേജിൽനിന്ന് ബിഎഡ് എടുത്തു. 2014ൽ പുത്തൂർ ജിഎൽപി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കംപ്യൂട്ടർ, സ്‌റ്റെനോഗ്രഫി എന്നിവയും വശമാക്കി. 2014 ൽ തന്നെ ലാപ്‌ടോപ് ഉപയോഗിച്ച് ക്ലാസെടുത്തു.
ഒരു പ്രദേശത്തെ ജനതയുടെ വർഷങ്ങളായുള്ള സ്വപ്‌നമായ അകമലവാരം റിങ് റോഡ് യാഥാർഥ്യമാകുമ്പോഴും മുരുകദാസിന്റെ പേര് ഓർമയിലെത്തും. മലമ്പുഴ അകമലവാരത്തുകാരുടെയും മലമ്പുഴയുടെ ടൂറിസം വികസനത്തിനും അത്യാവശ്യമായിരുന്നു റിങ് റോഡ്. റോഡ് നിർമാണത്തിനായി സ്ഥലം വിട്ടുനൽകാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല മുരുകദാസിന്. മറ്റൊരു വ്യക്തിയുടെ പിടിവാശിയെ തുടർന്ന് റോഡ് നിർമാണം മുടങ്ങി. വീണ്ടും പുതിയ റോഡ് നിർമിക്കാൻ തീരുമാനിച്ചപ്പോൾ ആ ഭാഗത്തും മാഷ് സ്ഥലം വിട്ടുനൽകി. ഇപ്പോൾ റിങ് റോഡിന്റെ പണി അവസാനഘട്ടത്തിലാണ്.
നിങ്ങൾക്ക് രണ്ട് കണ്ണ് കാണുമെങ്കിൽ എനിക്ക് കാണാൻ എട്ട് കണ്ണുണ്ടെന്ന് സ്കൂളിലെത്തിയാൽ മാഷ് കുട്ടികളോട് പറയും. സ്കൂൾ പടിയെത്തിയാൽ നിഴൽപോലെ എപ്പോഴും നാലുകുട്ടികൾ കൂടെയുണ്ടാവുമായിരുന്നു.
നല്ലൊരു കലാകാരനും പുല്ലാങ്കുഴൽ വായനക്കാരനുമാണ്. വിദ്യാഭ്യാസകാലംമുതൽ പുരോഗമന പ്രസ്ഥാനത്തോടൊപ്പമായിരുന്നു. മുരുകദാസിന്റെ ഭാര്യ: സോളി (ലൈബ്രേറിയൻ, അകത്തേത്തറ പഞ്ചായത്ത്). മക്കൾ: അബിനിറ്റ്, അമുലെറ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..