ചിറ്റൂർ
ഭാര്യയെയും മക്കളെയും മറയാക്കി കാറിൽ കുഴൽപ്പണം കടത്താൻ ശ്രമിച്ചയാളെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ പനക്കാട്ടൂർ പൊട്ടിന്റകത്ത് വീട്ടിൽ എസ് മുഹമ്മദ് ഹാഷിമാണ്(31) പിടിയിലായത്. ഇയാൾ എത്തിയ കാറിൽനിന്ന് 20.4 ലക്ഷം രൂപ കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടർന്ന് ബുധൻ രാത്രി മേനോൻപാറയിൽ നടത്തിയ വാഹന പരിശോധനയിൽ കൈ കാണിച്ചിട്ടും ഹാഷിം കാർ നിർത്തിയില്ല. പിന്തുടർന്ന പൊലീസ് കുറ്റിപ്പള്ളം സിപി ചള്ളയിൽ കാർ പിടികൂടി. പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽനിന്ന് 20.40 ലക്ഷം രൂപ കണ്ടെത്തി.
സംശയം തോന്നാതിരിക്കാനും പരിശോധന ഒഴിവാക്കാനും ഭാര്യയെയും മൂന്ന് ചെറിയ കുട്ടികളെയും കൂട്ടിയായിരുന്നു കുഴൽപ്പണക്കടത്ത്. ഹാഷിമിനെ കോടതി റിമാൻഡ് ചെയ്തു. കുഴൽപ്പണം കടത്തിയതിന് ഇയാൾക്കെതിരെ പരപ്പനങ്ങാടി, പെരിന്തൽമണ്ണ, കസബ സ്റ്റേഷനുകളിൽ കേസുള്ളതായി പൊലീസ് പറഞ്ഞു.
കാർ പിടികൂടാൻ ചിറ്റൂർ പൊലീസും സഹായിച്ചു.
ചിറ്റൂർ ഡിവൈഎസ്‌പി കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാറ സിഐ എം ആർ അരുൺകുമാർ, ചിറ്റൂർ സിഐ ജെ മാത്യു, കൊഴിഞ്ഞാമ്പാറ എസ്ഐ ബി പ്രമോദ്, എഎസ്ഐമാരായ കെ പി ജോർജ്, വി കെ സന്തോഷ്, എസ്‌സിപിഒമാരായ എസ് സന്തോഷ്, വി വിനോദ്, ബി സഞ്ജു, രമേഷ്, എസ് സമീർ, ഡ്രൈവർമാരായ എം കെ രതീഷ്, ആർ ഷാജി, ഹോം ഗാർഡ് സി വി ജയപ്രകാശ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..