26 December Thursday
സഹകരണ–കൺസ്യൂമർ ഫെഡ്‌ ഓണച്ചന്തകൾ സെപ്‌തംബർ 7 മുതൽ

ആഘോഷം കീശ ചോരാതെ

പ്രത്യേക ലേഖകൻUpdated: Sunday Aug 18, 2024
 
പാലക്കാട്‌
ഓണക്കാലത്ത്‌ പൊതുമാർക്കറ്റിൽ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമായി 88 ഓണച്ചന്തകൾ ആരംഭിക്കും. സഹകരണസംഘങ്ങൾ 75ഉം കൺസ്യൂമർ ഫെഡ്‌ 13 ചന്തകളുമാണ്‌ തുടങ്ങുക. സെപ്‌തംബർ ഏഴുമുതൽ 14വരെ നീളുന്ന ചന്തകളിൽ 13 ഇനം സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റുള്ളവ 20 മുതൽ 40 ശതമാനംവരെ വിലക്കുറവിലും ലഭിക്കും.  കഴിഞ്ഞ വർഷങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി അഞ്ച്‌ കിലോ അരിക്ക്‌ പകരം രണ്ട്‌ കിലോ പച്ചരി ഉൾപ്പെടെ 10 കിലോ അരി സബ്‌സിഡി നിരക്കിൽ നൽകും. പഞ്ചസാര, ചെറുപയർ, തുവരപരിപ്പ്‌, വൻപയർ, കടല എന്നിവ ഓരോ കിലോ വീതം കൊടുക്കും. വെളിച്ചെണ്ണ അര ലിറ്ററും. 
  നോൺ സബ്‌സിഡി സാധനങ്ങൾക്ക്‌ പൊതുമാർക്കറ്റിനേക്കാൾ 40 ശതമാനംവരെ വിലക്കുറവുണ്ടാകും. പൊതുമാർക്കറ്റിൽ  കിലോയ്‌ക്ക്‌ 170 മുതൽ 200 രൂപവരെ വിലയുള്ള പരിപ്പ്‌ ഓണച്ചന്തയിൽ 111 രൂപയ്‌ക്കാണ്‌ നൽകുക. ശർക്കര, ഗ്രീൻപീസ്‌, ബിരിയാണി അരി, കടല, ഉലുവ, ജീരകം തുടങ്ങിയവയ്‌ക്കും വിലക്കുറവുണ്ട്‌. പൊതുമാർക്കറ്റിൽ 1500 രൂപവരെ വിലയുള്ള സാധനങ്ങൾ അടങ്ങിയ കിറ്റിന്‌ ഓണച്ചന്തകളിൽ 930 രൂപയേ വരൂ. 
ഓണച്ചന്തകളിൽ ഒരുദിവസം റേഷൻ കാർഡ്‌ മുഖേന 75 പേർക്കാണ്‌ സാധനങ്ങൾ നൽകുക. കൺസ്യൂമർ ഫെഡിന്റെ 13 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ ഓണക്കാലത്ത്‌ സ്‌പെഷ്യൽ ചന്തകളായി പ്രവർത്തിക്കും. സഹകരണമേഖലയിൽ കൂടുതൽ ചന്തകൾ വേണമെന്ന ആവശ്യം കൺസ്യൂമർ ഫെഡ്‌ പരിഗണിക്കുന്നുണ്ട്‌. 
ഇ–-ടെൻഡർ വഴിയാണ്‌ സാധനങ്ങൾ വാങ്ങുന്നത്‌. കൺസ്യൂമർ ഫെഡ്‌ മുൻകൂട്ടി പണം കൊടുക്കും. സാധനങ്ങൾ സൂക്ഷിക്കാൻ കഞ്ചിക്കോട്‌ സെൻട്രൽ വെയർഹൗസിൽ താൽക്കാലിക ഗോഡൗൺ സജ്ജമാക്കിയതായി കൺസ്യൂമർഫെഡ്‌ റീജണൽ മാനേജർ എ കൃഷ്‌ണൻകുട്ടി അറിയിച്ചു. ഓണച്ചന്തകൾക്ക്‌ സഹകരണ സംഘങ്ങളിൽ സജ്ജീകരണം ഏർപ്പെടുത്തുമെന്ന്‌ ജോയിന്റ്‌ രജിസ്‌ട്രാർ (ജനറൽ) പി ഉദയൻ, അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർ (പ്ലാനിങ്‌) എം ഹരിദാസൻ എന്നിവർ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top