ചിറ്റൂർ
വാർധക്യമേകിയ ഒറ്റപ്പെടലിനെ, സങ്കടങ്ങളെ അവർ ഒരുവേള മറന്നു. വിദ്യാർഥികൾക്കൊപ്പം ‘കൊക്കെഡാമ’യുടെ രസത്തിൽ അലിഞ്ഞു. അട്ടപ്പള്ളത്തെ മരിയൻ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് കോഴിപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ പകർന്നു നൽകിയത് ആഹ്ലാദപകൽ.
ജപ്പാനീസ് കാർഷികരീതിയാണ് കൊക്കെഡാമ അഥവാ പായൽ പന്ത് നിർമിച്ച് ചെടികൾ നടുക എന്നത്. അത് വിദ്യാർഥികൾ പരിശീലിപ്പിച്ചു. പായൽ പൊതിഞ്ഞ മണ്ണിൽ ഉരുളയാക്കി ചെടികൾ നടും. ഇതിലൂടെ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനാകും. ജലസംരക്ഷണത്തിനും ഫലപ്രദം. കുട്ടികളോടൊപ്പം പുതിയ കൃഷിരീതി അറിഞ്ഞ സന്തോഷത്തിലായിരുന്നു വൃദ്ധസദനത്തിലെ അന്തേവാസികൾ. വയോജനങ്ങൾക്കായി കരുതും കരങ്ങൾ എന്ന പ്രത്യേകപരിപാടിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.
ചിറ്റൂർ ക്ലസ്റ്റർ തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുജാത നിർവഹിച്ചു. പി എൻ സൗമ്യ പദ്ധതി വിശദീകരിച്ചു. ഡോ. കെ എം മഞ്ജുള, എൻ സെന്തിൽകുമാർ, കെ ബി ബിജുമോൻ, ആർ പ്രഗത, എസ് അക്ഷയ , പൂജഗുരു , ജെ കൃഷിഹ, നിവേദ്യ കൃഷ്ണ, ഡെന്നി എയ്ഞ്ചൽ, ആർഷ്യ ഷെറിൻ,ശിൽപ്പ ജോസഫി, എസ് ഫർഹാന, എസ് അപ്സര എന്നിവർ പരിശീലനം നയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..