പാലക്കാട്
കണ്ണാടി പഞ്ചായത്ത് കാര്യാലയത്തിന് എതിർവശത്തുള്ള കൂറ്റൻബോർഡിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിരിക്കുന്ന ചിത്രത്തിനൊപ്പമുള്ള തലവാചകം ഇങ്ങനെ ‘ക്യാപ്‌റ്റൻ അറൈവ്‌ഡ്’. ആ വാക്കുകളുടെ സാധൂകരണമായി തിരക്കിന് നടുവിലേക്ക് ജനനായകൻ പുഞ്ചിരിതൂകിയെത്തി.
ഞായറാഴ്‌ച കണ്ണാടിയിലും പിന്നീട് ഒലവക്കോട്ടും സുൽത്താൻപേട്ടയിലും ആയിരങ്ങൾ സാക്ഷികളായ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രിക്ക് ലഭിച്ചത് വൻ വരവേൽപ്പ്. എൽഡിഎഫ് പ്രചാരണത്തിന് ഊർജമേറ്റി രണ്ടുദിവസങ്ങളിലായി ഏഴുമണിക്കൂറിലേറെയാണ് പിണറായി പാലക്കാടൻ ജനതയുമായി സംവദിച്ചത്. ആറ് പൊതുയോഗങ്ങളിൽ പങ്കെടുത്തു.
പാലക്കാടിന്റെ നെല്ലറയായ കണ്ണാടിയിലായിരുന്നു ഞായറാഴ്‌ചത്തെ ആദ്യ പൊതുയോഗം. ചെറുപൂരങ്ങൾപോലെ പ്രകടനങ്ങൾ രാവിലെമുതൽ കണ്ണാടിയെ ത്രസിപ്പിച്ചു. എല്ലാവഴികളും സംഗമിച്ചത് പഞ്ചായത്ത് കാര്യാലയത്തിന് സമീപത്തുള്ള മൈതാനത്തിൽ. ജലോത്സവങ്ങളിൽ കുതിക്കുന്ന ചുണ്ടൻവള്ളങ്ങൾപോലെ റോഡിൽ പ്രകമ്പനംകൊള്ളിച്ച് ഡിവൈഎഫ്‌ഐയുടെ കരുത്തുറ്റ പ്രകടനംനീങ്ങി. മൈതാനത്തിന് ഉൾക്കൊള്ളാൻ കഴിയാത്തവിധമായിരുന്നു ജനപങ്കാളിത്തം.
കേന്ദ്രസർക്കാർ സാമ്പത്തികമായും അല്ലാതെയും ഞെരുക്കാൻ ശ്രമിച്ചിട്ടും ബദൽനയങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന കേരളത്തിന്റെ വികസനങ്ങൾ സൂചിപ്പിച്ച് പ്രസംഗം. ഒപ്പം യുഡിഎഫിന്റെ തെറ്റായ നിലപാടുകളെയും വർഗീയവിഷം തുപ്പുന്ന ബിജെപിയെയും തുറന്നുകാട്ടി. പിണറായിയുടെ പ്രസംഗം പകുതി പിന്നിട്ടപ്പോഴാണ് എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിന്റെ വരവ്. ഒരിക്കൽകൂടി ജനസഞ്ചയം ഇളകിമറിഞ്ഞു. ഇരുവരും കൈയുയർത്തി സദസ്സിന് അഭിവാദ്യമർപ്പിച്ചു.
വൈകിട്ട് അഞ്ചിനായിരുന്നു ഒലവക്കോട്ട് യോഗം നിശ്‌ചയിച്ചത്. അതിനുമുമ്പേ സമ്മേളനനഗരി നിറഞ്ഞു. പുറത്തും വൻജനാവലി ആ വാക്കുകൾക്ക് കാതുകൂർപ്പിച്ചു. ഇരുട്ട് പരന്നുതുടങ്ങിയപ്പോഴാണ് നഗരത്തിലെ സുൽത്താൻപേട്ടയിലെത്തിയത്. മുഖ്യമന്ത്രിയുടെ വരവ് മൈക്കിലൂടെ കേട്ടതോടെ ഇരിപ്പിടങ്ങളിൽനിന്നെഴുന്നേറ്റ സദസ്സ് ഇളകിയാർത്തു. ഡോ. സരിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് ഞങ്ങളുടെ ഭാഗമാക്കണമെന്ന് അഭ്യർഥിച്ചായിരുന്നു മുഖ്യമന്ത്രി എല്ലായിടത്തും പ്രസംഗം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം എല്ലാവേദികളിലും സ്ഥാനാർഥി ഡോ. പി സരിനും സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..