പാലക്കാട്
ഓണവിപണിയിൽ ജില്ലയിൽ ആറുകോടിയുടെ റെക്കോഡ് വിൽപ്പനയുമായി കൺസ്യൂമർഫെഡ്. 75 ഓണച്ചന്തകളിലൂടെയും 13 ത്രിവേണി സൂപ്പർമാർക്കറ്റിലൂടെയുമാണ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം 5.45 കോടിയായിരുന്നു വിറ്റുവരവ്.
സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ ഏഴുമുതൽ 14 വരെയാണ് മേളകൾ സംഘടിപ്പിച്ചത്. ഓണച്ചന്തകളിലൂടെ 3,63,60,692- രൂപയുടെയും ത്രിവേണി സൂപ്പർമാർക്കറ്റിലൂടെ 46,48,790 രൂപയുടെയും വിൽപ്പന നടന്നു. ആകെ 4,10,09,482 രൂപയുടെ സബ്സിഡി വിൽപ്പന. ജയ അരി, കുറുവ അരി, കുത്തരി (8 കിലോ വീതം), പച്ചരി (2 കിലോ വീതം), പഞ്ചസാര (1 കിലോ), ചെറുപയർ (1 കിലോ), ഉഴുന്ന് (1 കിലോ), വൻകടല (1 കിലോ), വൻപയർ (1 കിലോ), തുവരപ്പരിപ്പ് (1 കിലോ), മല്ലി (500 ഗ്രാം), മുളക് (500 ഗ്രാം), വെളിച്ചെണ്ണ (1/2 ലിറ്റർ) എന്നിവയായിരുന്നു സബ്‌സിഡിയോടെ നൽകിയത്. നോൺ സബ്സിഡി സാധനങ്ങൾ പൊതുവിപണിയേക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലാണ് നൽകിയത്.
സഹകരണ സംഘങ്ങളിലൂടെ (1,27,29,098 രൂപ) ത്രിവേണി സൂപ്പർമാർക്കറ്റിലൂടെ (60,64,902 രൂപ) ആകെ 1,87,94,000 രൂപയുടെ നോൺ സബ്സിഡി സാധനങ്ങൾ വിറ്റഴിച്ചു.
ആറുകോടി രൂപയുടെ വിപണി ഇടപെടലാണ് കൺസ്യൂമർഫെഡ് ജില്ലയിൽ നടത്തിയത്. 46,200 റേഷൻകാർഡ് ഉടമകളിലൂടെ രണ്ടു ലക്ഷത്തോളം ഗുണഭോക്താക്കളുടെ കൈകളിലേക്ക് സാധനങ്ങൾ എത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..