മുണ്ടൂർ
മുണ്ടൂരിന്റെ ആയുർവേദപ്പെരുമയ്‌ക്ക് ഭാരതീയചികിത്സാ വകുപ്പിന്റെ ദേശീയ അവാർഡും. നൂറാം വാർഷികത്തിലേക്കെത്തുന്ന മുണ്ടൂർ ആയർവേദ ആശുപത്രിയെ തേടിയാണ് അംഗീകാരമെത്തിയത്. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവയാണ് അവാർഡിന് പരിഗണിച്ചത്.
നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്‌പിറ്റൽ ആൻഡ് ഹെൽത്ത് പ്രൊവേഴ്സ് സംഘം ആശുപത്രി സന്ദർശിച്ചു. ആയുഷ് എൻട്രി ലെവൽ പരിശോധക ഡോ. ബി നന്ദിനി, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സുനിത എന്നിവരാണ് പരിശോധന നടത്തിയത്. പ്രഖ്യാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം വി സജിത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി സി ശിവദാസ്, സ്ഥിരംസമിതി ചെയർപേഴ്‌സൺ ഷീബ കണ്ണൻ, ബേബി ഗണേഷ്, ആർ ധന്യ, ഡോ. പി വി റീജ എന്നിവർ സംസാരിച്ചു.
ദിവസവും നൂറുകണക്കിനാളുകളാണ് മുണ്ടൂർ ആയുർവേദ ആശുപത്രിയിൽ ചികിത്സതേടി എത്തുന്നത്. പഞ്ചായത്തിലെ മുഴുവൻ വിദ്യാർഥികൾക്കും യോഗാ ക്ലാസ്, പ്രസവാനന്തരം മൂന്ന് മാസത്തേക്ക് അമ്മമാർക്ക് സ്‌പെഷ്യൽ ആയുർവേദ മരുന്ന്, പാലിയേറ്റീവ് കെയർ പദ്ധതികളും നടപ്പാക്കുന്നു. 2022ൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായും ആശുപത്രിയെ ഉയർത്തി.
1924ൽ മുണ്ടൂർ കൂട്ടുപാതയിലാണ് ആശുപത്രി തുടങ്ങിയത്. 1940ൽ മലബാർ ഡി- ബോർഡ് കീഴിൽ സെൻട്രൽ ആയുർവേദ ഫാർമസിയായി മാറി. തുടർന്ന് മരുന്നുകളുടെ നിർമാണവും ആരംഭിച്ചു. 2005ൽ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിനകത്ത് സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. ശതാബ്ദി ആഘോഷവേളയിൽ ദേശീയ അംഗീകാരംകൂടി ലഭിച്ചത് ആഘോഷമാക്കാനൊരുങ്ങുകയാണ് പഞ്ചായത്ത് ഭരണസമിതിയും മുണ്ടൂർ നിവാസികളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..