22 December Sunday

സുതാര്യമായി തെരഞ്ഞെടുപ്പ്‌ നടത്തും: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024
പാലക്കാട്‌
സുതാര്യമായി തെരഞ്ഞെടുപ്പ്‌ നടത്താൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന്‌ കലക്ടർ എസ്‌ ചിത്ര അറിയിച്ചു. രാഷ്‌ട്രീയ പാർടികളുടെ ഭാഗത്തുനിന്ന്‌ ചില പരാതികൾ ലഭിച്ചിട്ടുണ്ട്‌. ബിഎൽഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ തെറ്റുണ്ടെങ്കിൽ നടപടിയെടുക്കും. പാലക്കാട് മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന കോങ്ങാട്, മലമ്പുഴ, തരൂര്‍, ചിറ്റൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ പേരുകള്‍ പാലക്കാട് മണ്ഡലത്തിലെ അതിര്‍ത്തി മേഖലയിലുള്ള 23 പോളിങ്‌ സ്റ്റേഷനുകളില്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന് പ്രത്യേകമായി പരിശോധിക്കാൻ കലക്ടറേറ്റിലെ ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥരെ നിയോഗിച്ച് സൂക്ഷ്മപരിശോധന നടത്തിയിരുന്നു.
ഇരട്ടവോട്ടുപോലെയുള്ളവ ശ്രദ്ധയിൽപ്പെട്ടവരുടെ പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ട്‌. ഈ പട്ടികയിലുള്ളവർ വോട്ട്‌ ചെയ്യാനെത്തിയാൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ മാനദണ്ഡമനുസരിച്ചുള്ള നടപടി പ്രകാരം വോട്ട്‌ ചെയ്യാം.
 ലിസ്‌റ്റിലുള്ളവർ വന്നാൽ അവരുടെ ഫോട്ടോ എടുക്കുക, ഒപ്പ്‌ ശേഖരിക്കുക എന്നിവ പാലിച്ചായിരിക്കും വോട്ട്‌ ചെയ്യാൻ അനുവദിക്കുക. ഒരു മണ്ഡലത്തിൽ വോട്ടുള്ളത്‌ മറച്ചുവച്ച്‌ വോട്ടുചെയ്യാൻ വന്നാൽ ജനപ്രാതിനിധ്യ നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്‌. കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top