22 December Sunday
എ ആർ മേനോൻ പാർക്ക്‌ തുരുമ്പെടുത്ത കളി ഉപകരണങ്ങളുടെ ‘സ്‌മാരകം’

സായാഹ്‌നങ്ങളെ 
തിരിച്ചുതരുമോ

സ്വന്തം ലേഖികUpdated: Tuesday Nov 19, 2024

പാലക്കാട് നഗരസഭയുടെ എ ആർ മേനോൻ പാർക്ക് പൂട്ടിയ നിലയിൽ

പാലക്കാട്‌
നഗരഹൃദയത്തിൽ മൂന്നേക്കറിൽ തണലൊരുക്കിയ ഒരിടം. രണ്ടുവർഷം മുമ്പുവരെ സായാഹ്നങ്ങൾ മനോഹരമാക്കിയ കൂടാരം–- അമ്പാട്ട്‌ രാവുണ്ണിമേനോൻ പാർക്ക്‌ (എ ആർ മേനോൻ പാർക്ക്‌). ആ വിനോദകേന്ദ്രം ഇപ്പോൾ തുരുമ്പെടുത്ത കളി ഉപകരണങ്ങളുടെ ‘സ്‌മാരകം’. ബിജെപി ഭരിക്കുന്ന പാലക്കാട്‌ നഗരസഭയുടെ അനാസ്ഥയുടെ മറ്റൊരു തെളിവ്‌. 
രണ്ടുവർഷംമുമ്പ്‌ കോവിഡ്‌ വ്യാപനത്തെതുടർന്ന്‌ അടച്ച പാർക്ക്‌ പിന്നെ തുറന്നില്ല. തുറക്കാനുള്ള ഒരുക്കവുമില്ല.
അലങ്കാരത്തിനായിവച്ച കുടകൾ തുരുമ്പെടുത്തുകഴിഞ്ഞു. ഇരിപ്പിടങ്ങളിൽ ചിലതെല്ലാം തകർന്നുകിടക്കുകയാണ്‌. വാട്ടർ ഫൗണ്ടനും സോളാർ ബൾബുകളും പ്രവർത്തനരഹിതമായിട്ട്‌ നാളുകളായി.  
ചുറ്റുമുള്ള മതിലുകൾ പലയിടത്തും തകർന്നു. ജീവനക്കാർ ചിലയിടങ്ങൾ മറച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാൽ ബാക്കിവരുന്ന വലിയൊരു ഭാഗം തുറന്നുതന്നെയാണ്‌. ഇപ്പോൾ സമൂഹവിരുദ്ധരുടെ താവളമാണ്‌ പാർക്ക്‌.
കോവിഡ്‌ കാലത്ത്‌ അടച്ചിരുന്ന, തൊട്ടപ്പുറത്തെ വാടികയും കോട്ടയുമെല്ലാം പിന്നീട്‌ തുറന്നപ്പോഴും എ ആർ മേനോൻ പാർക്കിന്‌ ഇതൊന്നും ബാധകമായില്ല. 2018ൽ പാർക്ക്‌ നവീകരണം നടന്നിരുന്നു. എന്നാൽ, വിണ്ടും പഴയഅവസ്ഥയിലായി. കേരളത്തിന്റെ ആദ്യ ആരോഗ്യമന്ത്രിയും പാലക്കാട്‌ സ്വദേശിയുമായിരുന്ന അമ്പാട്ട്‌ രാവുണ്ണി മേനോൻ സ്‌മരണാർഥമാണ്‌ പാർക്ക്‌ സ്ഥാപിച്ചത്‌. മുമ്പ്‌ രാത്രിയിൽ സെക്യൂരിറ്റിയുണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ല. പാർക്ക്‌ തുറന്നുകൊടുക്കില്ലെന്ന നിലപാടാണ്‌ നഗരസഭയ്‌ക്ക്‌. 
പാർക്കിന്റെ പ്രവർത്തനം നിലച്ചതോടെ പ്രദേശത്തെ കച്ചവടവും കുറഞ്ഞു. ആളുകൾക്ക്‌ പണം നൽകാതെ വന്നിരിക്കാൻ പറ്റിയ പാർക്ക്‌ തുറന്നുനൽകണമെന്ന്‌ ഇരുപതുവർഷത്തിലധികമായി ഇതിനുമുന്നിൽ കച്ചവടം ചെയ്യുന്ന ചെന്താമരാക്ഷനും സുരേഷും രാധാകൃഷ്‌ണനും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top