19 December Thursday

ചെറാട്‌; കേക്കിന്റെ മധുരവഴി

ബിമൽ പേരയംUpdated: Thursday Dec 19, 2024

മലമ്പുഴയിലെ കുടുംബശ്രീ യൂണിറ്റായ എൻസോയിൽ ക്രിസ്മസ് വിപണിയിലേക്കുള്ള കേക്കുകൾ പാക്ക് ചെയ്യുന്നു

 

പാലക്കാട്‌
കുടിൽവ്യവസായത്തിൽനിന്ന്‌ ‘എൻസോ കമ്പനി’ എന്ന സംരഭത്തിലേക്കുള്ള നാല്‌ പെണ്ണുങ്ങളുടെ കഥ. ചെറാട്‌ സ്വദേശികളായ ആർ രമ്യ, പി പ്രബല, എസ്‌ ശ്രീജ, സി എച്ച്‌ റഹ്‌മത്ത്‌ എന്നിവർക്ക്‌ ക്രിസ്‌മസ്‌ വിപണിയിൽ ലഭിച്ച മിന്നുന്ന നേട്ടമാണ്‌ പറയാനുള്ളത്‌. ചെറാട്‌ ക്ഷേത്രത്തിനുസമീപമാണ്‌ ഇവരുടെ യൂണിറ്റ്‌. കഞ്ചിക്കോട്‌ ബ്രഡ്‌ ഫാക്‌ടറിയിൽ 13വർഷം പണിയെടുത്ത രമ്യ സ്വന്തമായൊരു സംരംഭം എന്ന സ്വപ്നത്തിലേക്ക്‌ തിരിയാൻ തീരുമാനിക്കുന്നു. രണ്ടുവർഷം വീട്ടിലിരുന്ന്‌ നിർമാണം. പിന്നീട്‌ അമ്മയുടെ പേരിലുള്ള സ്ഥലത്ത്‌ നിർമാണ യൂണിറ്റ്‌ ആരംഭിക്കുന്നു. 
ഇതേ താൽപ്പര്യമുള്ള മൂന്നുപേരെകൂടി ഒപ്പംകൂട്ടുന്നു. 35 ശതമാനം സബ്‌സിഡിയോടെ പത്ത്‌ ലക്ഷം രൂപ ജില്ലാ വ്യവസായ ഓഫീസിൽനിന്ന്‌ ലഭിച്ചു. കേക്ക്‌ നിർമാണത്തിനുള്ള ഉപകരണങ്ങളും മറ്റുംവാങ്ങി. 200 കിലോ പ്ലംകേക്ക്‌ പ്രതിദിനം നിർമിക്കും. 300 ഗ്രാമിന്‌ 120ന്‌ പുറത്ത്‌ വിൽക്കുന്ന കേക്ക്‌ 80 രൂപയ്‌ക്ക്‌ കമ്പനിയിൽനിന്ന്‌ നേരിട്ട്‌ വാങ്ങാം. ഒരു കിലോയ്‌ക്ക്‌ 340 വരുന്ന കേക്ക്‌ 250 രൂപയ്‌ക്ക്‌ ലഭിക്കും. പീസ്‌ കേക്ക്‌, കപ്‌ കേക്ക്‌, തേങ്ങാ ബൺ, ക്രീം ബൺ എന്നിവയുമുണ്ട്‌. സ്‌കൂളുകൾ, പള്ളികൾ എന്നിവിടങ്ങളിൽനിന്ന്‌ ധാരാളം ഓർഡറുകൾ ഇവരെ തേടിയെത്തുന്നുണ്ട്‌. രാവിലെ ഒമ്പതിന്‌ കമ്പനി തുറന്നുകഴിഞ്ഞാൽ വൈകിട്ട്‌ ആറുവരെയും കേക്ക്‌ വാങ്ങാനുള്ളവരുടെ തിരക്കാണ്‌. രണ്ട്‌ ഏജൻസികൾ കേക്ക്‌ മണ്ണാർക്കാടുവരെ എത്തിക്കുന്നുണ്ട്‌. അടുത്ത ക്രിസ്‌മസ്‌കാലത്ത്‌ ജില്ലയിലെമ്പാടും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണിവർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top