പാലക്കാട്
ക്രിസ്‌മസ് പുതുവത്സരത്തോടനുബന്ധിച്ച് കൺസ്യൂമർ ഫെഡിന്റെ പ്രത്യേക വിപണി 23 മുതൽ ജനുവരി ഒന്നുവരെ നടക്കും. ഐഎംഎ ജങ്‌ഷനിലെ ത്രിവേണി സൂപ്പർമാർക്കറ്റിനുപുറമെ ജില്ലയിൽ 12 ത്രിവേണിയിലും സബ്‌സിഡി ചന്ത സംഘടിപ്പിക്കും. പൊതുവിപണിയേക്കാൾ പത്തുമുതൽ നാൽപ്പത് ശതമാനംവരെ വിലക്കുറവുണ്ടാകും.
പതിമൂന്ന് ഇനം സബ്‌സിഡി സാധനങ്ങൾക്കു പുറമെ നോൺ സബ്‌സിഡി സാധനങ്ങളുമുണ്ട്. റേഷൻകാർഡുമായെത്തി സാധനങ്ങൾ വാങ്ങാം.
ഐഎംഎ ജങ്‌ഷനിലെ ത്രിവേണി സൂപ്പർമാർക്കറ്റിൽ ഒരുദിവസം മുന്നൂറ് പേർക്കുവരെ വിതരണം ചെയ്യാൻ കഴിയുന്നവിധം സൗകര്യമൊരുക്കും. മറ്റു ത്രിവേണികളിൽ ഒരുദിവസം 75 പേർക്ക് വിതരണം ചെയ്യും. പൊതുമാർക്കറ്റിൽ 1500 രൂപയിലധികം വില വരുന്ന 13 ഇനം സാധനം 40 ശതമാനം സബ്‌സിഡി നിരക്കിൽ 1082 രൂപയ്‌ക്ക് ലഭിക്കും. വെളിച്ചെണ്ണ അര ലിറ്റർ സബ്‌സിഡിയും അരലിറ്റർ നോൺസബ്‌സിഡിയുമായി ഒരുലിറ്റർ നൽകും.
വിവിധതരം ക്രിസ്‌മസ് കേക്കും വിലക്കുറവിൽ വാങ്ങാം. 22ന് വൈകിട്ട് ക്രിസ്‌മസ്–- പുതുവത്സര ചന്തകളുടെ ജില്ലാ ഉദ്‌ഘാടനം നടത്താനാണ് തീരുമാനമെന്ന് റീജണൽ മാനേജർ എ കൃഷ്‌ണൻകുട്ടി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..