23 December Monday

വ്യാജ വോട്ട്‌ ചെയ്യാൻ 
അനുവദിക്കില്ല: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

 

പാലക്കാട്‌
പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വ്യാജ വോട്ട്‌ ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു പറഞ്ഞു. വ്യാജ വോട്ടുകൾ ചേർത്ത്‌ യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ്‌ വിജയം അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കാനായി. 
 ചിട്ടയായ സംഘടനാ പ്രവർത്തനത്തിലൂടെ വിജയമുറപ്പിച്ച്‌ മുന്നേറുകയാണ്‌ എൽഡിഎഫ്‌. എല്ലാ വീടുകളും കയറുക എന്നതിലുപരി മുഴുവൻ വോട്ടർമാരെയും നേരിട്ടുകണ്ട്‌ വോട്ടഭ്യർഥിക്കാൻ സാധിച്ചു. തെരഞ്ഞെടുപ്പിന്‌ ഒരുങ്ങുന്ന ആദ്യഘട്ടത്തിൽ എൽഡിഎഫ്‌ മൂന്നാംസ്ഥാനത്താണെന്ന്‌ പറഞ്ഞ മാധ്യമങ്ങൾതന്നെ കൊട്ടിക്കലാശത്തിനുശേഷം ഒന്നാംസ്ഥാനത്തേക്ക്‌ മേൽക്കൈ നേടി എന്നുപറയുന്നു. മത്സരം എൽഡിഎഫും യുഡിഎഫും എന്ന നിലയിലേക്ക്‌ മാറി. ബിജെപി മൂന്നാംസ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു. ഇതിന്‌ പ്രധാനകാരണം മണ്ഡലത്തിൽ ഉയർന്ന രാഷ്‌ട്രീയ ചർച്ചകളാണ്‌. അതിനോടൊപ്പം 13 വർഷത്തെ വികസന മുരടിപ്പ്‌ ജനങ്ങളുമായി സംവദിക്കാനായി. 
   ബിജെപി ഭരിക്കുന്ന പാലക്കാട്‌ നഗരസഭ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വികസനമില്ലായ്‌മയുടെയും ഉദാഹരണമായതും നഗരത്തെ മാലിന്യ കുപ്പത്തൊട്ടിയാക്കിയതുമൊക്കെ ജനങ്ങൾക്കിടയിൽ ചർച്ചയായി. 
യുഡിഎഫ്‌ സ്ഥാനാർഥി കള്ളപ്പണത്തിന്‌ എസ്‌കോർട്ട്‌ പോയതും കോൺഗ്രസുകാർ സ്‌പിരിറ്റ്‌ കടത്തിയതും ഏറ്റവും ഒടുവിൽ ആയിരക്കണക്കിന്‌ വ്യാജവോട്ടർമാരെ ചേർത്തതുമൊക്കെ ജനം കണ്ടു. യുഡിഎഫ്‌ സ്ഥാനാർഥിയുടെ അഹങ്കാരത്തിനും ധാർഷ്‌ട്യത്തിനും തെറ്റായ രാഷ്‌ട്രീയ സംസ്‌കാരത്തിനുമെതിരെ ജനങ്ങൾ വിധിയെഴുതും.  
കെ കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയെ അധിക്ഷേപിച്ചതും കല്യാണമണ്ഡപത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിക്ക്‌ കൈ കൊടുക്കാതെ ക്രൂരമായി അപമാനിച്ചതും കൽപ്പാത്തി രഥോത്സവ വേദിയിൽ രഥം വലിക്കുന്ന സമയത്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥി പി സരിനെ നോക്കുന്ന യുഡിഎഫ്‌ സ്ഥാനാർഥിയുടെ മുഖവുമൊക്കെ ചർച്ചയായി.
ബിജെപി സ്ഥാനാർഥിയുടെ അഴിമതിയും എല്ലാതെരഞ്ഞെടുപ്പിലും മത്സരിക്കാൻ യോഗ്യൻ ഒരാൾ മാത്രമെന്ന നിലപാടും നാട്‌ കണ്ടു. വ്യാജനെയും അഴിമതിക്കാരനെയും ഈ മണ്ഡലം സ്വീകരിക്കില്ല. ഭൂരിപക്ഷ വർഗീയ നിലപാടുമായി ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉൾപ്പടെയുള്ള ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിച്ച്‌ കോൺഗ്രസുമുണ്ട്‌. ഇരു പാർടികളുടെയും വർഗീയതയെ തുറന്നുകാണിച്ചാണ്‌ എൽഡിഎഫ്‌ പ്രചാരണം നടത്തിയതെന്നും ഇ എൻ സുരേഷ്‌ബാബു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top