പാലക്കാട്
മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും' താലൂക്ക് അദാലത്തുകൾക്ക് ജില്ലയിൽ ശനിയാഴ്‌ച ആലത്തൂരിൽ തുടക്കമാകും. മന്ത്രിമാരായ എം ബി രാജേഷിന്റെയും കെ കൃഷ്‌ണൻകുട്ടിയുടെയും നേതൃത്വത്തിൽ ജനുവരി ആറുവരെയാണ് അദാലത്ത് നടക്കുക. ആലത്തൂർ ഹോളിഫാമിലി കോൺവന്റ് ഹൈസ്‌കൂളിലാണ് ശനിയാഴ്‌ച അദാലത്ത്. 23-ന് ഒറ്റപ്പാലം ലെക്കിടി യുണൈറ്റഡ് കൺവൻഷൻ സെന്റർ, 24-ന് മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജ്, 26-ന് പട്ടാമ്പി ചിത്ര ഓഡിറ്റോറിയം, 27-ന് അട്ടപ്പാടി കില ഓഡിറ്റോറിയം, ജനുവരി മൂന്നിന്- പാലക്കാട് മുഹമ്മദ് ബാഗ് ഇവന്റ് സെന്റർ, ആറിന്- ചിറ്റൂർ നെഹ്‌റു ഓഡിറ്റോറിയം എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.
പൊതുജനങ്ങൾ അക്ഷയകേന്ദ്രങ്ങൾ വഴിയും ഓൺലൈനായി നേരിട്ടുമൊക്കെ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം അല്ലെങ്കിൽ നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, പൊതുജല സ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും റേഷൻ കാർഡ് (എപിഎൽ/ബിപിഎൽ), കാർഷിക വിളകളുടെ സംഭരണവും വിതരണവും വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങൾ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽനിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ /അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..