23 December Monday

ചിറ്റൂർപ്പുഴയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് 
രക്ഷകരായത് ടൈൽസ്‌ തൊഴിലാളികൾ

എസ്‌ സുധീഷ്‌Updated: Sunday Jul 21, 2024

ടെെൽസ് തൊഴിലാളികളായ രഞ്ജിത്ത്, സുദീപ്, അനിഷ്

ചിറ്റൂർ
ചിറ്റൂർപ്പുഴയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് രക്ഷകരായത്‌ കൊല്ലങ്കോട്ടെ ടൈൽസ്‌ തൊഴിലാളികൾ. കൊല്ലങ്കോട്ടുനിന്ന്‌ ചിറ്റൂർ ആലാംകടവിൽ ടൈൽ പണിക്കെത്തിയ ആർ രഞ്ജിത്ത്, ആർ സുദീപ്, അനീഷ് എന്നിവരാണ്‌ വിദ്യാർഥികൾക്ക് രക്ഷകരായത്‌. ഇവർ ജോലിയുടെ ഇടവേളയിൽ വിശ്രമത്തിനായി ആലാംകടവ് പുഴയരികിൽ എത്തിയതായിരുന്നു. പെട്ടെന്നാണ്‌ ഒരു കുട്ടി ഓടിവന്ന് കൂട്ടുകാർ പുഴയിൽ കുടുങ്ങിക്കിടക്കുന്ന വിവരം അറിയിച്ചത്. ഉടൻ തന്നെ മൂവരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. 
പുഴയുടെ നടുവിൽ കരയിൽനിന്ന്‌ 200 മീറ്റർ അപ്പുറത്ത് വിദ്യാർഥികളായ അഭിനവും അജിലും കുടുങ്ങിക്കിടന്ന സ്ഥലത്തെത്തി രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ശക്തമായ ഒഴുക്കിൽ ഇവർക്ക് അരികിലെത്താൻ സാധിച്ചില്ല. തുടർന്ന്‌ ഇവർ തങ്ങൾ ഉടുത്തിരുന്ന മുണ്ട് എറിഞ്ഞുനൽകി നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെ നാട്ടുകാരെ വിവരമറിയിച്ചു. 
ഇവരുടെ സമയോചിത ഇടപെടലാണ് തക്കസമയത്ത്‌ രക്ഷാപ്രവർത്തനം സാധ്യമാക്കിയത്. കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷമാണ് ഇവർ മടങ്ങിയത്.
സുനിൽ 
നീന്തിക്കയറിയത്‌ 
രക്ഷയായി
സുനിൽ നീന്തിക്കയറി നാട്ടുകാരെ വിവരം അറിയിച്ചത്‌ മറ്റ്‌ രണ്ടുകുട്ടികൾക്കും രക്ഷയായി. അഭിനവ് (13), അജിൽ (15) സുനിൽ (14) എന്നിവരാണ് പുഴയിൽ ഇറങ്ങിയത്‌. അഭിനവും അജിലും ഒഴുക്കിൽ അകപ്പെട്ടത്‌ കണ്ട് സുനിൽ പുറകെ പോയി.  കുളിക്കാനിറങ്ങിയ സ്ഥലത്തുനിന്ന്‌ ഏകദേശം 200 മീറ്ററോളം ഒഴുകിപ്പോയിരുന്നു. 
റോഡിൽനിന്നോ പുഴയുടെ വശങ്ങളിൽനിന്നോ നോക്കിയാൽപ്പോലും കാണാൻ സാധിക്കാത്ത സ്ഥലത്താണ് നിലയുറപ്പിച്ച് നിന്നത്. ഇതിനിടെ നീന്തിക്കയറിയ സുനിൽ വിവരമറിയിച്ചതോടെയാണ്‌ രക്ഷാപ്രവർത്തനം സാധ്യമായത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top