പാലക്കാട്
മുംബൈയിലെ ക്ഷേത്രത്തിൽ ശാന്തിക്കാരായിരുന്നു പട്ടാമ്പി ഓങ്ങല്ലൂർ പേരമംഗലൂർ മനയിൽ പരമേശ്വരൻ നമ്പൂതിരിയും സഹോദരൻ കൃഷ്‌ണൻ നമ്പൂതിരിയും. 2000 ത്തിൽ അച്ഛൻ നാരായണൻ നമ്പൂതിരി മരിച്ചപ്പോൾ ഇരുവരും നാട്ടിലേക്ക് തിരിച്ചു. മനയും എട്ട് ഏക്കർ വളപ്പും കാടുമൂടി കിടക്കുകയാണ്. 10 ഏക്കർ നെൽകൃഷിയും താളംതെറ്റി. ഒന്നിൽ തുടങ്ങണം എല്ലാം. മറിച്ചൊന്നും ചിന്തിച്ചില്ല. ഒരു പശുവിനെ വാങ്ങി. ഓങ്ങല്ലൂർ ക്ഷീരസംഘത്തിന് പാൽ അളന്ന് തുടങ്ങി. ഇന്ന് മനയിൽ നൂറിലേറെ പശുക്കളുണ്ട്. ദിവസം 450 ലിറ്റർ പാൽ ലഭിക്കും. കഴിഞ്ഞില്ല, നെയ്യ്, വെണ്ണ, മോര് തുടങ്ങിയ പാൽ ഉൽപ്പന്നങ്ങൾ, മഞ്ഞപ്പൊടി, കൂവപ്പൊടി, വെളിച്ചെണ്ണ തുടങ്ങി വീട്ടിലുണ്ടാക്കുന്ന ഓരോ ഇനവും പേരമംഗലൂർ ബ്രാന്റായി ഓങ്ങല്ലൂരിലെ സ്‌റ്റോറിലെത്തും. അപ്പോൾ തന്നെ വിറ്റഴിയും. വെളിച്ചെണ്ണ ലിറ്റർ –- 240, നെയ്യ് കിലോ –- 1600, വെണ്ണ –- 1500, മഞ്ഞപ്പൊടി കിലോ –- 300 എന്നിങ്ങനെയാണ് നിരക്ക്. ആധുനിക സംവിധാനങ്ങളോടെയുള്ള ഒരു പാൽ ഫാക്ടറിതന്നെ വീട്ടിൽ സ്വന്തമായുള്ള പരമേശ്വരൻ നമ്പൂതിരി പാൽ സംസ്‌കരിക്കുന്നതും പായ്‌ക്കറ്റിലാക്കുന്നതും കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ്. 11 ജീവനക്കാരുണ്ട്. എന്നാൽ ഉൽപ്പന്നങ്ങളുടെ ചുമതല പരമേശ്വരൻ നമ്പതിരി, ഭാര്യ ഉഷ, സഹോദരൻ കൃഷ്‌ണൻ നമ്പൂതിരി, ഭാര്യ സുധ, മക്കളായ നാരായണൻ, യദു എന്നിവർ നിർവഹിക്കുന്നു. വിവാഹ ആവശ്യങ്ങൾക്കുള്ള പാലും മറ്റ് ഉൽപ്പന്നങ്ങളും മൊത്തമായും നൽകും.
ജൈവക്കൃഷിയെയാണ് ആശ്രയിക്കുന്നത്. പശുക്കൾക്കായി മൂന്ന് ഏക്കറിലാണ് തീറ്റപ്പുൽ കൃഷി. വൈദ്യുതി ലാഭിക്കാൻ സോളർ പാനലുമുണ്ട്. പേരമംഗലൂർ എന്ന പേര് എവിടേയും അച്ചടിച്ചിട്ടില്ല. എന്നാൽ ആ പേര് നാട്ടുകാരുടെ മനസിൽ ഇടം പിടിച്ചു. സർക്കാരിൽനിന്ന് നല്ല സഹായം ലഭിക്കുന്നുണ്ടെന്ന് പരമേശ്വരൻ നമ്പൂതിരി പറഞ്ഞു. കെ വി രാമകൃഷ്‌ണൻ സ്‌മാരക ക്ഷീര കർഷക അവാർഡ് ജേതാവ് കൂടിയാണ് പരമേശ്വരൻ നമ്പൂതിരി. കൃഷിയിൽ മാത്രമല്ല, വീട്ടിൽതന്നെ സംഗീത, നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. കൃഷ്‌ണൻ നമ്പൂതിരിയുടെ മക്കളായ നാരായണനും യദുവുമാണ് ക്ലാസുകൾ നിയന്ത്രിക്കുന്നത്. 200 വിദ്യാർഥികളുണ്ട്. ചെണ്ട, നൃത്തം, പാട്ട്, ചിത്രരചന എന്നിവയൊക്കെ പഠിപ്പിക്കും. ഇരുവരും പറുത്ത് പുല്ലാങ്കുഴൽ കച്ചേരിക്കും കഥകളിക്കും പോകുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..