പാലക്കാട്
അപകടമരണത്തെ കൊലപാതകമാക്കി സിപിഐ എം നേതാക്കളെ വേട്ടയാടിയത് കാൽനൂറ്റാണ്ടോളം. ചിറ്റൂർ ആലാംകടവിൽ 2002 ൽ ബെക്ക് യാത്രക്കാരനും വഴിയാത്രക്കാരനും മരിച്ച കേസിലാണ് അന്നത്തെ സിപിഐ എം പെരുമാട്ടി ലോക്കൽ സെക്രട്ടറിയും നിലവിൽ ജില്ലാ സെക്രട്ടറിയുമായ ഇ എൻ സുരേഷ് ബാബു ഉൾപ്പെടെ എട്ട് പേരെ കള്ളക്കേസ് എടുത്ത് നിരന്തരം വേട്ടയാടിയത്. കനത്ത മഴയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടമാണ് സിപിഐ എമ്മിനെ വേട്ടയാടാൻ ഉപയോഗിച്ചത്. അപകടമരണത്തെ അന്നത്തെ എ കെ ആന്റണി സർക്കാരിന്റെ പിന്തുണയോടെ പൊലീസിനെ സ്വാധീനിച്ചാണ് ചിറ്റൂരിലെ സിപിഐ എം മുന്നേറ്റം തകർക്കുക എന്ന ലക്ഷ്യത്തോടെ കൊലപാതകമാക്കി കള്ളക്കേസ് എടുത്തത്. ആദ്യം അപകടമരണത്തിന് എഫ്‌ഐആർ ഇട്ട കേസ് പിന്നീട് കൊലപാതകമാക്കുകയായിരുന്നു. തുടർന്ന് ഇ എൻ സുരേഷ് ബാബു ഉൾപ്പെടെയുള്ള എട്ടുപേരെ പാലക്കാട് ഡിവൈഎസ്‌പിയായിരുന്ന എം ഡി ബേബി കസ്‌റ്റഡിയിൽ എടുക്കുകയും അഞ്ച് ദിവസം ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌തു. കൊലപാതക കുറ്റം സമ്മതിപ്പിക്കലായിരുന്നു ലക്ഷ്യം. അതിന് കഴിയാത്തതിനെ തുടർന്ന് ഗൂഢാലോചനകുറ്റം ചുമത്തി എട്ടുപേരെയും 62 ദിവസം ജയിലിലിട്ടു. പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിൽ അക്രമത്തിന് നേതൃത്വം കൊടുക്കുന്ന ലഹരിക്കടിമപ്പെട്ട സംഘങ്ങളെ ഉപയോഗിച്ച് നേതാക്കളെ അപായപ്പെടുത്താനും വഴിയരികിൽ കാത്തുനിന്ന് കൊലപ്പെടുത്താനും നിരന്തരം ശ്രമിച്ചു. സുരേഷ്‌ബാബുവിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞു. ലോക്കൽ കമ്മിറ്റിയംഗം ഇ എൻ ശശിയുടെ വീടാക്രമിച്ചു. ഏരിയ കമ്മിറ്റിയംഗം ഇ എൻ രവീന്ദ്രന്റെ വാഹനവും വീടും തകർത്തു. മറ്റുള്ള പ്രതികളുടെ കടകൾ അടിച്ചുതകർത്തു. കൃഷി തീവച്ചുനശിപ്പിച്ചു.
ഒടുവിൽ സത്യം തെളിഞ്ഞു, പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടു. സിപിഐ എം നിരന്തരം ആക്രമിക്കപ്പെടുമ്പോഴും ഇടതുപക്ഷത്തിന്റെ കെട്ടുറപ്പിനെ ഒരുതരത്തിലും ബാധിക്കാതിരിക്കാൻ പിന്നീട് ഏരിയ സെക്രട്ടറിയായ ഇ എൻ സുരേഷ്‌ബാബു ജാഗ്രതകാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..