പാലക്കാട്
കുടുംബശ്രീയുടെ ഓണക്കച്ചവടം ഇത്തവണയും പൊടിപൊടിച്ചു. 72.70 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ജില്ലയിലെ ഓണവിൽപ്പന 73.73 ലക്ഷമായിരുന്നു. 2022ൽ 54 ലക്ഷവും. ജില്ലയിൽ 157 ഓണച്ചന്തകളാണ് സെപ്‌തംബർ ആറുമുതൽ 14 വരെ പ്രവർത്തിച്ചത്. ജില്ലാ ഫെയറും ഉണ്ടായി. 1721 സൂക്ഷ്‌മ സംരംഭകരും 384 ജെഎൽജി ഗ്രൂപ്പുകളും ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു. സൂക്ഷ്മ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിറ്റയിനത്തിൽ 55.82 ലക്ഷം രൂപയും ജെഎൽജി സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റ ഇനത്തിൽ 16.87 ലക്ഷം രൂപയുമാണ് വരുമാനം ലഭിച്ചത്.
പച്ചക്കറി, ധാന്യപ്പൊടി, നാടൻ ഭക്ഷ്യോൽപ്പന്നങ്ങൾ, പഴങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, പലഹാരങ്ങൾ, അച്ചാറുകൾ, എണ്ണ, കത്തി, കൊണ്ടാട്ടം, മുള ഉൽപ്പന്നങ്ങൾ തുടങ്ങിയവ മേളകളിൽ ലഭ്യമാക്കി. കുടുംബശ്രീ സംഘകൃഷിക്കാരുടെ പൂക്കളും പച്ചക്കറിയും വിപണിയിലെത്തി. ജില്ലയിലെ 194 കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ 258.7 ഏക്കറിൽ പച്ചക്കറിയും 87 ഗ്രൂപ്പുകൾ 60.6 ഏക്കറിൽ പൂക്കളും കൃഷി ചെയ്‌തു. കുടുംബശ്രീയുടെ സ്വന്തം ബ്രാൻഡായ ഫ്രഷ് ബൈറ്റ്‌സിന്റെ കായ വറുത്തതും ശർക്കര ഉപ്പേരിയും വിപണിയിലുണ്ടായിരുന്നു. ജില്ലയിലെ 14 യൂണിറ്റുകളിൽനിന്ന് 50 സംരംഭകർ ചേർന്നായിരുന്നു നിർമാണം. ജില്ലയിലെ മുഴുവൻ സിഡിഎസുകളിലും സ്ഥിരം മാസച്ചന്തകൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് കുടുംബശ്രീ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..