26 December Thursday

ജില്ലയിൽ ഒരുങ്ങുന്നത്‌ 500 സ്‌നേഹാരാമം

സ്വന്തം ലേഖകൻUpdated: Saturday Oct 21, 2023
 
പാലക്കാട്‌
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കണ്ടെത്തിയ ജില്ലയിലെ 500 മാലിന്യം തള്ളുന്ന കേന്ദ്രങ്ങൾ (ഗാർബേജ് വൾനറബിൾ പോയിന്റുകൾ) ശുചിയാക്കി സൗന്ദര്യവൽക്കരിച്ച് സ്നേഹാരാമങ്ങളാക്കി മാറ്റും. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ്‌ സ്‌നേഹാരാമങ്ങൾ ഒരുക്കുന്നത്‌.
ആദ്യഘട്ടത്തിൽ 260 സ്‌നേഹാരാമമാണ്‌ ഒരുക്കുക. നഗരസഭകളിൽ പന്ത്രണ്ടും പഞ്ചായത്തുകളിൽ രണ്ടെണ്ണം വീതവും എൻഎസ്‌എസ്‌ വളന്റിയർമാർ സജ്ജീകരിക്കും. 
ഇവരുടെ സപ്‌തദിനക്യാമ്പുകളിലും സ്‌നേഹാരാമങ്ങൾക്ക്‌ മുൻഗണന നൽകിയിട്ടുണ്ട്‌. നവംബർ ആദ്യവാരത്തിൽ പ്രവർത്തനങ്ങൾ തുടങ്ങും. ശേഷിക്കുന്നവ എസ്‌പിസി, എൻസിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നിർമിക്കാൻ പ്രചാരണ സെക്രട്ടറിയറ്റ്‌ ഉപസമിതി യോഗത്തിൽ തീരുമാനമായി. എംസിഎഫ്‌, ആർആർഎഫ്‌ എന്നിവയും കുട്ടികൾ സന്ദർശിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദേശിക്കുന്ന കേന്ദ്രങ്ങൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി സൂക്ഷിക്കും. ഇവിടെ പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, തണലിടം, സ്ക്രാപ്‌/അജൈവ വസ്തുക്കൾ കൊണ്ടുള്ള ഇൻസ്റ്റലേഷൻ എന്നിവയാകും ഒരുക്കുന്നത്. അതാത്‌ പ്രദേശങ്ങളിലെ സ്ഥലസൗകര്യമനുസരിച്ച്‌ രൂപമാറ്റമുണ്ടാകും. 
ഈ പ്രവർത്തനത്തിന്റെ ചെലവുകൾക്കായി ഒരു കേന്ദ്രത്തിന് ശുചിത്വമിഷൻ അയ്യായിരം രൂപവരെ നൽകും. കൂടുതൽ പണം ആവശ്യമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തി നൽകണമെന്നാണ് തീരുമാനം. സഹകരണ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും സിഎസ്‌ആർ ഫണ്ടുകളും പ്രയോജനപ്പെടുത്തും. ഹരിതകർമസേനയുടെയും തൊഴിലുറപ്പ്‌ തൊഴിലാളികളുടെയും സഹകരണവും ഉറപ്പാക്കും. 
പകുതിയും 2024 ജനുവരിയോടെ പൂർത്തിയാക്കും. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച സ്‌നേഹാരാമങ്ങൾക്ക്‌ ജില്ലാ, സംസ്ഥാനതലങ്ങളിൽ അവാർഡ്‌ നൽകും. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായാണ്‌ പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top