കൂറ്റനാട്
വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ വിദ്യാർഥി സംഘത്തെ ആറങ്ങോട്ടുകരയിൽവച്ച് ആക്രമിച്ച അഞ്ചുപേർ പിടിയിൽ. കുറ്റിപ്പുറം കെഎംസിടി എൻജിനിയറിങ് കോളേജിലെ വിദ്യാർഥികൾക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇരുമ്പകശേരി സ്വദേശികളായ ജുനൈദ് (24), ജാബിർ (24), തിരുമിറ്റക്കോട് സ്വദേശി രാഹുൽ (25), ജുബൈർ (23), അബു (26) എന്നിവരെയാണ് പിടികൂടിയത്. ജുബൈറും അബുവും പ്രതികളെ രക്ഷപ്പെടാനും ഒളിസങ്കേതം ഒരുക്കാനും സഹായിച്ചതിനാണ് കേസെടുത്തത്.
വ്യാഴം വൈകിട്ട് 5.30ന് നെല്ലിയാമ്പതി സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു വിദ്യാർഥികൾ. ആറങ്ങോട്ടുകരയിൽ അധ്യാപകനെ ഇറക്കാൻ ബസ് നിർത്തി. ഈ സമയം ബസിലുണ്ടായിരുന്ന വിദ്യാർഥിനികളോട് ബൈക്കിൽ എത്തിയ സംഘം മോശമായി പെരുമാറി. ഇത് സഹപാഠികൾ ചോദ്യം ചെയ്തപ്പോഴാണ് വിദ്യാർഥികളെ ക്രൂരമായി മർദിച്ചത്. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വെള്ളി പുലർച്ചെ മൂന്നിനാണ് പ്രതികളെ ഒളിസങ്കേതത്തിൽനിന്ന് പൊലീസ് പിടികൂടിയത്. പ്രതികൾ ആക്രമണസമയത്ത് ലഹരി വസ്‌തുക്കൾ ഉപയോഗിച്ചിരുന്നതായും നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരുമാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികൾ പട്ടാമ്പിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഷൊർണൂർ ഡിവൈഎസ്‌പി പി സി ഹരിദാസ്, ചാലിശേരി സിഐ കെ സതീഷ്‌കുമാർ, എസ്ഐമാരായ ജോളി സെബാസ്റ്റ്യൻ, ഋഷി പ്രസാദ്, റഷീദലി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൾ റഷീദ്, രാജേഷ്, രജീഷ് എന്നിവരടങ്ങിയ അന്വേഷക സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..