23 December Monday

വീറോടെ ക്ലൈമാക്‌സ്‌

സിബി ജോർജ്‌Updated: Thursday Nov 21, 2024

മണപ്പുള്ളിക്കാവ് ട്രൂലൈൻ പബ്ലിക് സ്കൂളിൽ വോട്ടുചെയ്യാനെത്തിയ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിനും പങ്കാളി ഡോ. സൗമ്യയും തിരിച്ചറിയൽ കാർഡ് ഉയർത്തിക്കാണിക്കുന്നു

 

പാലക്കാട്‌
തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്റെ വീറും വാശിയും വോട്ടെടുപ്പ്‌ ദിനത്തിലും ഏറ്റെടുത്ത്‌ പാലക്കാട്ടെ വോട്ടർമാർ. പോളിങ്‌ ബൂത്തുകളിലേക്ക്‌ വലിയ ആവേശത്തോടെ രാവിലെമുതൽ വോട്ടർമാരെത്തി. സാധാരണ ഉച്ചസമയങ്ങളിൽ പോളിങ്‌ കുറയുന്ന പതിവും പാലക്കാട്‌ തെറ്റിച്ചു. നട്ടുച്ചയിലും അവസാനമണിക്കൂറിലും വോട്ടർമാർ ബൂത്തുകളിലേക്ക്‌ ഒഴുകി. അവശതകൾ മറന്ന്‌  മുതിർന്നവരും കന്നിവോട്ടർമാരുമടക്കം ആവേശത്തോടെ വോട്ടുചെയ്‌തു. 85 വയസ്സിനുമുകളിലുള്ള 2,306 പേരും കന്നിക്കാരായ 2,445 വോട്ടർമാരും പട്ടികയിൽ ഇടംനേടിയിരുന്നു. ഇവരിൽ ഭൂരിഭാഗം വോട്ടുചെയ്‌തതായാണ്‌ കണക്ക്‌.  
ഉച്ചയ്‌ക്കുമുമ്പേ പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള മുന്നണികളുടെ തന്ത്രവും ഫലിച്ചു. അതാണ്‌ രാവിലെമുതൽ വലിയ തിരക്ക്‌ അനുഭവപ്പെട്ടത്‌. ചിലയിടങ്ങളിൽ ആറിനുശേഷവും വോട്ടെടുപ്പ്‌ നീണ്ടു. അവരെ വരിനിർത്തി ടോക്കൺ നൽകിയാണ്‌ വോട്ടെടുപ്പ്‌ പൂർത്തിയാക്കിയത്‌. എല്ലാ ബൂത്തുകളിലും സാധാരണയിൽ കവിഞ്ഞ പൊലീസ്‌ സാ‌ന്നിധ്യവും ശ്രദ്ധേയമായി. കേന്ദ്രസേനയും എംഎസ്‌പിയും കൂടാതെ ജില്ലയിലെ പൊലീസ്‌ സംവിധാനവും വോട്ടെടുപ്പ്‌ സമാധാനമാക്കാൻ യത്‌നിച്ചു. പൊലീസിന്റെ കർശനനിയന്ത്രണം നിലനിന്നതിനാൽ കാര്യമായ അനിഷ്‌ട സംഭവങ്ങളും ഉണ്ടായില്ല. അതേസമയം ഇരട്ടവോട്ടുള്ളവരെ തടസ്സപ്പെടുത്തിയില്ലെങ്കിലും അവരുടേത്‌ ചലഞ്ച്‌ വോട്ടായി രേഖപ്പെടുത്തി.  
 ഒരുമാസത്തിലേറെ നീണ്ട പ്രചാരണത്തിനുശേഷമായിരുന്നു വോട്ടെടുപ്പ്‌. എൽഡിഎഫ്‌, യുഡിഎഫ്‌, എൻഡിഎ മുന്നണികൾ ശക്തമായ പ്രചാരണമാണ്‌ നടത്തിയത്‌. അതിന്റെ തുടർച്ച വോട്ടെടുപ്പ്‌ ദിനത്തിലും പ്രതിഫലിച്ചു. പോളിങ്‌ സ്‌റ്റേഷനുസമീപം നിശ്‌ചിത അകലം പാലിച്ച്‌ മുന്നണികളും ബൂത്തുകൾ കെട്ടിയിരുന്നു. അലങ്കരിച്ച ബൂത്തുകളിലെത്തി സ്ലിപ്പ്‌ വാങ്ങിയും മാതൃകാവോട്ടിങ്‌ മെഷീനിൽ വോട്ട്‌ ചെയ്‌തുനോക്കിയുമാണ്‌ ഭൂരിഭാഗം വോട്ടർമാരും വോട്ടുചെയ്യാൻ കയറിയത്‌. വോട്ടിങ്‌ മെഷീനിൽ ഒമ്പതാമതായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിന്റെ പേരും ചിഹ്നവും. ഇത്‌ പ്രത്യേകം ഓർമപ്പെടുത്താനും ചിഹ്‌നം പരിചയപ്പെടുത്താനും എൽഡിഎഫ്‌ പ്രവർത്തകർ അവസാനവട്ടവും ക്രമീകരണമൊരുക്കി. 
തങ്ങളുടെ പരമാവധി വോട്ടർമാരെ എത്തിക്കാൻ കഴിഞ്ഞത്‌ എൽഡിഎഫ്‌ പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മണ്ഡലത്തിലെ ഭൂരിപക്ഷം ബൂത്തുകളും ഡോ. പി സരിൻ സന്ദർശിച്ചു. പ്രവർത്തകരുമായി കുശലം പറഞ്ഞും വോട്ടർമാരോട്‌ സൗഹൃദം പുതുക്കിയുമാണ്‌ അദ്ദേഹം മടങ്ങിയത്‌.     

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top