26 December Thursday

74 പ്രവാസികൾ എത്തി

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020
പാലക്കാട്‌
വിവിധ രാജ്യങ്ങളിൽനിന്ന്‌ 74 പ്രവാസികൾകൂടി ജില്ലയിലെത്തി. ഒമാനിലെ സലാല, മസ്‌ക്കറ്റ്‌, ലണ്ടന്‍, ദുബായ്,  മനില, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളില്‍നിന്ന്‌ കരിപ്പൂര്‍, നെടുമ്പാശേരി, കണ്ണൂര്‍, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക്‌ ബുധനാഴ്‌ചയാണ്‌ പ്രവാസികൾ എത്തിയത്‌. വിമാനത്താവളങ്ങളിലെ പരിശോധനയ്‌ക്കുശേഷം വ്യാഴാഴ്‌ച ജില്ലയിലെത്തിയ 49 പേരെ സർക്കാർ നിരീക്ഷണകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
മുപ്പതുപേരെ അകത്തേത്തറ എന്‍എസ്എസ് എൻജിനിയറിങ് കോളേജ് ഹോസ്റ്റലിലും ഏഴുപേരെ പാലക്കാട് ഐടിഎല്‍ റസിഡന്‍സിയിലും അഞ്ചുപേരെ സായൂജ്യം റസിഡന്‍സിയിലും അഞ്ചുപേരെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലും രണ്ടുപേരെ പാലക്കാട് ഇന്ദ്രപ്രസ്ഥ ഹോട്ടലിലുമാണ് താമസിപ്പിച്ചത്. സലാലയില്‍നിന്ന്‌ കരിപ്പൂര്‍  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 28പേരാണ്‌ എത്തിയത്‌.  ഇവരില്‍ 15പേരെ സർക്കാർനിരീക്ഷണകേന്ദ്രങ്ങളിലേക്ക്‌ മാറ്റി. 
ലണ്ടനില്‍നിന്ന്‌ നെടുമ്പാശേരിയിൽ എത്തിയ എട്ടുപേരെയും ദുബായില്‍നിന്ന്‌ നെടുമ്പാശേരിയിൽ എത്തിയ 14പേരില്‍ ആറുപേരെയും സർക്കാർനിരീക്ഷണ കേന്ദ്രങ്ങളിലേക്ക്‌ മാറ്റി.
മനിലയില്‍നിന്ന്‌ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 19ല്‍ 15പേരും മസ്‌കറ്റ്, കുവൈറ്റ് എന്നിവിടങ്ങളില്‍നിന്ന്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ടുപേരെയും റിയാദ്, മസ്‌കറ്റ് എന്നിവിടങ്ങളില്‍നിന്ന്‌ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൂന്നുപേരെയും സർക്കാർ നിരീക്ഷണകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. 
വീടുകളിലും സർക്കാരിന്റെ കോവിഡ്  കെയർ സെന്ററുകളിലും ഇതുവരെ 443 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്‌. 
234പേർ സർക്കാർനിരീക്ഷണ കേന്ദ്രങ്ങളിലാണ്‌. ചിറ്റൂർ കരുണ മെഡിക്കൽ കോളേജിൽ 21, എലപ്പുള്ളി അഹല്യ ഹെറിറ്റേിൽ 19 , ചെർപ്പുളശേരി ശങ്കർ ഹോസ്പിറ്റലിൽ 29, ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ 20, പാലക്കാട് ഗവ. മെഡിക്കൽ കോളേജ്‌ ഹോസ്റ്റലിൽ 21, പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഹോസ്റ്റലിൽ 20, ചാലിശേരി റോയൽ ഡെന്റൽ  കോളേജിൽ 32, കുളപ്പുള്ളി അൽ അമീൻ എൻജിനിയറിങ് കോളേജ് ഹോസ്റ്റലിൽ 30, അകത്തേത്തറ എൻഎസ്എസ് എൻജിനിയറിങ് കോളേജ് ഹോസ്റ്റലിൽ 30, പാലക്കാട് ഐടിഎൽ റെസിഡൻസിൽ ഏഴ്‌, സായൂജ്യം റസിഡൻസിയിൽ അഞ്ച്‌ എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ‌ കഴിയുന്നത്‌‌. 209പേർ വീടുകളിൽ നിരീക്ഷണത്തിലാണ്‌.
 
ആരോഗ്യനില തൃപ്തികരം
പാലക്കാട്‌
വിദേശത്തുനിന്നെത്തി സർക്കാർനിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 
ഓരോ കേന്ദ്രത്തിലെയും സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരെ നോഡൽ ഓഫീസർമാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. സ്രവപരിശോധനയും നടത്തുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top