26 December Thursday

സ്‌പന്ദനം നിലച്ച്‌ വിനോദകേന്ദ്രങ്ങൾ

സ്വന്തം ലേഖകൻUpdated: Friday May 22, 2020
 
പാലക്കാട്‌
പ്രളയവും വരൾച്ചയും അതിജീവിച്ചു. പക്ഷേ മഹാമാരി വരിഞ്ഞുമുറുക്കിയ കെട്ടകാലം മറികടക്കാനായില്ല. കോവിഡ്‌ മുന്നിലെത്തുമെന്നു‌ കരുതാത്ത ദിനങ്ങളിൽ പ്രിയമുള്ളവർക്കൊപ്പം പിന്നിട്ടയിടങ്ങൾ ഇന്ന്‌ അനാഥം. ഒരായുസ്സിന്റെ മുഴുവൻ സ്വപ്‌നങ്ങളും തകിടം മറിച്ച്‌ തൊഴിലും വരുമാനവുമില്ലാതായത്‌ നൂറകുണക്കിനു പേർ.  
ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ആരവവും ആഹ്ലാദവും ഇല്ലാതെ നിശബ്ദത മൂടികിടക്കുന്നു. 
ലോക്ക്‌ ഡൗണിൽ ഇവ അടച്ചിട്ടു‌. കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന മലമ്പുഴയും നെല്ലിയാമ്പതിയും പോത്തുണ്ടിയുമെല്ലാം എന്നേ ആളൊഴിഞ്ഞു. ഇതിനുപുറമേയാണ്‌ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനു കീഴിലെ വാടിക ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ. രണ്ടു മാസത്തിലേറെയായി ഈ കേന്ദ്രങ്ങളിൽ ആളനക്കമില്ല. മാർച്ച്‌ 18 മുതൽ സംസ്ഥാനത്തും മാർച്ച്‌ 25നു‌‌ രാജ്യവ്യാപകമായും അടച്ചിടലും നിയന്ത്രണം വന്നതോടെ ആരവമൊഴിഞ്ഞ ഇടങ്ങളാണിവ.   
ഡിസംബർ മുതൽ മെയ്‌വരെയാണ് വിനോദസഞ്ചാര മേഖലയിലെ സീസൺ‌. കൂടുതൽ കച്ചവടമുള്ളതും ഈ സമയം‌‌. ജനുവരിയിൽ കോവിഡ്‌ ഭീതി തുടങ്ങി. ഫെബ്രുവരിയിൽ ചെറിയ നിയന്ത്രണം. മാർച്ചിൽ പൂർണമായി. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ സമ്പൂർണ അടച്ചിടൽ. അതോടെ അവധിക്കാല വരുമാനം നിലച്ചു. സീസണിൽ ഒരു വരുമാനവുമില്ലാത്ത കേന്ദ്രങ്ങളുണ്ട്‌. 
നെല്ലിയാമ്പതിയിലാണ് കൂടുതൽ ദുരിതം‌. നൂറിലേറെ‌ കുടുംബങ്ങൾ  വിനോദസഞ്ചാരികളെ ആശ്രയിച്ച്‌ ‌ഉപജീവനം നടത്തുന്നത്‌.  പ്രദേശത്തെ 12 സന്ദർശക കേന്ദ്രങ്ങളിലാണ്‌ ഇവരുടെ ആശ്രയം. പോത്തുണ്ടി ഉദ്യാനവും മംഗലംഡാമും ആളൊഴിഞ്ഞു.  സ്‌കൂൾ അവധിക്കാലത്തെ വരുമാനം നഷ്ടമായ വിഷമത്തിലാണ്‌ മുഴുവൻ വിനോദസഞ്ചാരകേന്ദ്രങ്ങളും. 
എന്നാൽ ടൂറിസം പ്രൊമോഷൻ കൗൺസിലിനുകീഴിലുള്ള ജീവനക്കാർക്ക്‌ ശമ്പളം മുടങ്ങിയിട്ടില്ല. ഇവിടങ്ങളിലെ നൂറുകണക്കിനു ജീവനക്കാരും കരാർ തൊഴിലാളികളും ബുദ്ധിമുട്ടിലാണ്‌. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച ആശ്വാസനടപടികളാണ്‌ അവരുടെ ജീവിതത്തിനു ഈ കാലത്ത്‌ അൽപമെങ്കിലും പച്ചപ്പു പകരുന്നത്‌. 
എല്ലാം‌ തകർത്തു
കോവിഡ്‌, എല്ലാം സ്വപ്‌നങ്ങളും തകർത്തു. ഹോട്ടൽജോലിക്കാർക്ക്‌ ഏറ്റവും ജനത്തിരക്കേറിയ സമയമാണിത്‌. ‌ഒരുവർഷത്തെ ജീവിത സമ്പാദ്യമാണ്‌ ഈ സീസണിൽ ലഭിക്കുക‌. അത്‌ നഷ്ടമായി. 
70 ദിവസത്തിലധികമായി ഹോട്ടൽ അടഞ്ഞു കിടക്കുന്നു. പാർസൽ കൊടുക്കാൻ അനുമതി ഉണ്ടെങ്കിലും മലമ്പുഴയിലേക്ക്‌ ആരും എത്താറില്ല. 
അബ്ദുൾ ഹമീദ്‌
ഹോട്ടലുടമ, മലമ്പുഴ
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top